ചെന്നൈ | ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയെന്ന് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലിയെയും ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യന്‍ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. സ്പിന്നര്‍ സുനില്‍ നരെയ്ന്‍, ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍, ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയെയുമാണ് നിലനിര്‍ത്തിയത്. സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സാകട്ടെ ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഓപ്പണര്‍ പൃഥ്വി ഷാ, അക്സര്‍ പട്ടേല്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്യ എന്നിവരെ നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സാകട്ടെ ക്യാപ്റ്റന്‍ സഞ്ജു സാംസണെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്.
പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വന്നിട്ടില്ല. ചൊവ്വാഴ്ച രാത്രി 12മണിക്ക് മുമ്പാണ് നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമപട്ടിക നല്‍കേണ്ടത് എന്നതിനാല്‍ ഈ പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നാലു കളിക്കാരെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ കഴിയുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !