തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള ആറ് പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഹാജരാകില്ല എന്നാണ് വിവരം.
വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണിത്. ഹൈക്കോടതിയിൽ അപ്പീൽ നൽകിയ കാര്യം പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിക്കും.
കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജികള്‍ നല്‍കിയത്. നിയമസഭാ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും അവ പരിഗണിക്കരുതെന്നുമായിരുന്നു ഹർജിയിൽ പ്രതികളുടെ ആവശ്യം. എന്നാൽ ഇത് തള്ളിയ കോടതി ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാമെന്ന് കണ്ടെത്തി.
എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടി. പ്രതികളുടേത് പ്രതിഷേധമായിരുന്നു, മറിച്ച് അക്രമമല്ല. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. വാച്ച് ആന്‍ഡ് വാര്‍ഡായി വന്ന പൊലീസുകാര്‍ അതിക്രമം കാണിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളിലുമാണ് സ്പീക്കറുടെ കസേര, കംപ്യൂട്ടര്‍ തുടങ്ങിയവ നശിച്ചത്. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും കേസില്‍ പൊലീസുകാരെ മാത്രമാണ് സാക്ഷികളായതെന്നും പ്രതിഭാഗം വ്യക്തമാക്കിയിരുന്നു.
2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിചാരണ ആരംഭിക്കുന്നത്. വി. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്‍ എന്നിവരാണ് പ്രതികള്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !