ന്യൂഡല്‍ഹി | കര്‍ഷക സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും.
പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനല്‍കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കര്‍ഷകര്‍ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളില്‍കൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.
നിയമങ്ങള്‍ പിന്‍വലിച്ചത് കൂടാതെ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. സമരം പൂര്‍ണ്ണ വിജയമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ദില്ലി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു.
ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ്മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതും. അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കില്‍ 27ന് വീണ്ടും യോഗം ചേരുമെന്നും ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കര്‍ഷകര്‍ അറിയിച്ചു. സിംഗു അതിര്‍ത്തിയിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച യോഗം നടന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !