മലപ്പുറം| 2020-21ല്‍ ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷത്തില്‍ സ്‌പെഷ്യല്‍ ഫീസ് ഇനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കി ട്രഷറിയില്‍ അടച്ച പണം മൂന്ന് മാസം പിന്നിട്ടും തിരിച്ച് നല്‍കിയില്ല. അടച്ച പണം തിരിച്ച് നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല.
അടച്ച പണം എന്ന് ലഭിക്കുന്ന കാര്യത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കൃത്യമായ ധാരണയില്ല. സ്‌പെഷ്യല്‍ ഫീസ് വാങ്ങുന്ന നടപടി വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഫീസ് നിര്‍ത്തലാക്കി 2021 സെപ്തംബര്‍ ഒന്നിനാണ് ഉത്തരവിറങ്ങിയത്.
പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എം ടി മുര്‍ഷിദ് കോഡൂര്‍ എന്ന വിദ്യാര്‍ഥി വിവരാവകാശ നിയമപ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ചോദ്യമുന്നയിച്ചിരുന്നു. സെപ്തംബര്‍ 30ന് ഇക്കാര്യത്തില്‍ മറുപടിയും നല്‍കി. അതാത് സ്‌കൂളിലെ പ്രിന്‍സിപ്പാള്‍മാര്‍ തുക ട്രഷറിയില്‍ അടച്ചതാണെന്നും അതാത് വിദ്യാലയങ്ങളില്‍ വിവരം ലഭ്യമാകുമെന്നുമെന്നാണ് വിഷയത്തില്‍ അധികൃതര്‍ നല്‍കിയ നടപടി. എന്നാല്‍ എന്ന് തുക കിട്ടുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പണമടച്ച വിദ്യാര്‍ഥികള്‍ക്ക് എന്ന് തുക തിരിച്ച് നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ അധികൃതര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കി തുടങ്ങിയത്. ചില വിദ്യാലയങ്ങളില്‍ കുട്ടികളില്‍ ഫീസ് വാങ്ങിയപ്പോള്‍ മറ്റിടങ്ങളില്‍ നീട്ടിവെക്കുകയായിരുന്നു. ഈ തുക അതത് സ്ഥാപന മേധാവികള്‍ ട്രഷറി വഴി വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. ഫീസ് അടച്ച വിദ്യാര്‍ഥികള്‍ക്കാണ് തുക തിരിച്ച് കിട്ടാനുള്ളത്.
പണമടക്കേണ്ടതില്ലെന്ന ഉത്തരവിറങ്ങിയിട്ടുണ്ടെങ്കിലും അടച്ചവരുടെ കാര്യത്തില്‍ അധികൃതര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്‌സിന് 380 രൂപ, ഹ്യുമാനിറ്റീസില്‍ 280 എന്നിങ്ങനെയാണ് പണം ഈടാക്കിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !