തിരുവനന്തപുരം| ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവായത്. ആകെ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 10 പേരുടെ സാംപിളുകളില്‍ ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ടു പേരുടെ ഫലം കൂടി വരാനുണ്ട്.
ഇതിനിടെ, മഹാരാഷ്ട്രയിൽ 2 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കേസുകൾ 23 ആയി. ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്നു മുംബൈയിലെത്തിയവർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 10 ഒമിക്രോൺ കേസുകളായി. രാജസ്ഥാൻ (9), കർണാടക (2), ഗുജറാത്ത് (1), ഡൽഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ളവർ.
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ട്. രണ്ടാം തരംഗവുമായുള്ള താരതമ്യത്തിൽ വൈറസ് വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു. അതേസമയം, ഇത്തരം പ്രവചനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കാറില്ല.
ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർക്കു കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയായി. ശുപാർശ ആരോഗ്യമന്ത്രാലയത്തിനു കൈമാറുന്നതിനു മുൻപു സമിതി ഒരിക്കൽ കൂടി സ്ഥിതി വിലയിരുത്തും. നിലവിലുള്ള വാക്സീനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമാകുമോ എന്നറിയാൻ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായത്.
രാജ്യത്തു ബൂസ്റ്റർ ഡോസ് അടിയന്തരമായി നൽകണമെന്ന ആവശ്യം ശക്തമാണ്. 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്നു കേന്ദ്ര സർക്കാർ സജ്ജമാക്കിയ ലാബുകളുടെ കൺസോർഷ്യം (ഇൻസകോഗ്) നിർദേശിച്ചിരുന്നു. കോവിഡിനെതിരെ ഇന്ത്യയിൽ 2021 ജനുവരി 16നാണ് കുത്തിവയ്പു തുടങ്ങിയത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും മാത്രമായിരുന്നു വാക്സീൻ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !