കോട്ടയം| മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് പ്രതി തിരുവല്ല സ്വദേശി നീതു. കേസിൽ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. തന്റെ സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം ഇബ്രാഹിം വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് നീതു പറഞ്ഞു.
നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു ശ്രമം. കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നീതു പോലീസിനോട് പറഞ്ഞു.
ഇബ്രാഹിമിൽ നിന്ന് നീതു ഗർഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു, ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്. ഇവർക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്.
നഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി ഗൈനക്കോളജി മൂന്നാം വാർഡിൽനിന്നു നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ യുവതിയെ കുട്ടിയോടൊപ്പം മെഡിക്കൽ കോളജിനു സമീപമുള്ള ഹോട്ടലിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 3.30ന് പ്രസവവാർഡിലെത്തിയ നീതു, കുട്ടിക്കു മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചാണ് അമ്മ ഉഷയുടെ കൈയിൽനിന്ന് എടുത്തു കൊണ്ടുപോയത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്സിംഗ് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കിയെങ്കിലും നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണു ലഭിച്ചത്. പരിഭ്രാന്തരായ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ചൊവ്വാഴ്ചയാണ് എട്ടു വയസുള്ള ആണ്‍കുട്ടിയുമായി നീതു ഗാന്ധിനഗറിലുള്ള ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ചയും ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയിരുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി. കുഞ്ഞിനെ തട്ടിയെടുത്തു ടാക്സിയിൽ കൊച്ചിയിലേക്കു കടക്കാനായിരുന്നു പദ്ധതി.
കുഞ്ഞിനെ തട്ടിയെടുത്തശേഷം അമൃത ആശുപത്രിയിൽ കാണിക്കാൻ ഉടൻ ഒരു ടാക്സി വിളിക്കണമെന്ന് ഹോട്ടലുകാരോടു നീതു ആവശ്യപ്പെട്ടു. ടാക്സിയുമായി എത്തിയ ഡ്രൈവർ അലക്സ്, ഒരു കുഞ്ഞിനെ മെഡിക്കൽ കോളജിൽനിന്നു തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നു ഹോട്ടലുകാരെ അറിയിച്ചതോടെയാണ് നീതുവിന്റെ കള്ളത്തരം പുറത്തായത്.
ഹോട്ടലുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കൊച്ചിയിലേക്കു കടക്കാൻ കുഞ്ഞുമായി ഇറങ്ങി വന്ന നീതുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !