വെസ്റ്റിന്‍ഡീസിനെതിരായ ടി 20 ക്രിക്കറ്റ് പരമ്പരയും തൂത്തുവാരി സമ്പൂര്‍ണ ജയവുമായി ടീം ഇന്ത്യ. ഇന്നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് എടുത്തത്.
തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് വിന്‍ഡീസിനെ തകര്‍ത്തത്. വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
വിന്‍ഡീസ് നിരയില്‍ ഒരിക്കല്‍ക്കൂടി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഉപനായകന്‍ നിക്കോളാസ് പൂരനു മാത്രമാണ് തിളങ്ങാനായത്. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണ് വിന്‍ഡീസ് താരം നേടിയത്. 47 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 61 റണ്‍സാണ് പൂരന്‍ നേടിയത്.
21 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 29 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡ്, 14 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 25 റണ്‍സ് നേടിയ റോവ്മാന്‍ പവല്‍ എന്നിവരാണ് മികച്ച സംഭാവന നേടിയ മറ്റു വിന്‍ഡീസ് താരങ്ങള്‍.
ജയത്തോടെ ഐ.സി.സി. ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കായി. പരമ്പര തുടങ്ങും മുമ്പ് 269 റേറ്റിങ് പോയിന്റ്ുണ്ടായിരുന്ന ഇംഗ്ലണ്ടിനു പിന്നില്‍ 268 പോയിന്റ്ുമായി രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. വിന്‍ഡീസിനെതിരേ സമ്പൂര്‍ണ ജയം നേടിയതോടെ ഇംഗ്ലണ്ടിനെ പിന്തള്ളി നാളെ പ്രഖ്യാപിക്കുന്ന റാങ്കില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും
നേരത്തെ മധ്യനിര താരം സൂര്യകുമാര്‍ യാദവിന്റെയും ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യരിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് 6.1 ഓവറില്‍ 91 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സൂര്യകുമാര്‍ 31 പന്തുകളില്‍ നിന്ന് ഒരു ഫോറും ഏഴു സിക്‌സറുകളും സഹിതം 65 റണ്‍സ് നേടി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായപ്പോള്‍ വെങ്കിടേഷ് 19 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !