മലമ്പുഴ ചെറോട് മലയിൽ 43 മണിക്കൂറുകള്‍ കുടുങ്ങിക്കിടന്നതിന് ശേഷം സൈന്യം രക്ഷിച്ച ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ബാബു സാധാരണ ഭക്ഷണം കഴിച്ച് തുടങ്ങിയതായി മാതാവ് റഷീദ പറഞ്ഞു. ആന്തരിക ക്ഷതമോ ചതവോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്ന് ആശുപത്രി വിടാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നും റഷീദ കൂട്ടിച്ചേര്‍ത്തു.
മലയിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ബാബു പറയുന്നത്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. കൂടുയുണ്ടായിരുന്നവര്‍ പാതി വഴിയില്‍ മല കയറ്റം അവസാനിപ്പിച്ചു. പിന്നീട് ഒറ്റയ്ക്കാണ് മല കയറ്റം തുടര്‍ന്നതെന്നും ബാബു പറഞ്ഞതായി റഷീദ കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തോളം മലയിടുക്കില്‍ ഒറ്റയ്ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10.15 ഓടെയാണ് മലമുകളില്‍ എത്തിച്ചത്. രാവിലെ ഒന്‍പതരയോടെ ബാബുവിന്റെ സമീപം രക്ഷാപ്രവര്‍ത്തകനെത്തി വെള്ളം നല്‍കി. തുടര്‍ന്ന് ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നു മനസിലാക്കിയതോടെ ബാബുവുമായി സൈനികന്‍ മലമുകളിലേക്ക് കയറുകയായിരുന്നു.
മലമുകളില്‍ എത്തിയ ബാബുവിനെ സൈന്യം കൈയടി നല്‍കിയായിരുന്നു സ്വീകരിച്ചത്. പിന്നീട് ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട് എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമായിരുന്നു പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാബുവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.
അപകടം ഇങ്ങനെ:
തിങ്കളാഴ്ചയാണ് സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീഴ്ചയില്‍ കാലിന് പരുക്കേറ്റു. വീണ കാര്യം ബാബു തന്നെ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു നല്‍കുകയും ചെയ്തു. സുഹൃത്തുക്കൾ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് ഇവര്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !