കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ചതു സംഭവത്തിൽ ഏറ്റുപറച്ചിലുമായി പോലീസ് രംഗത്ത്. ഏത്തമിടീച്ചത് തെറ്റായിപോയെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊറുക്കണമെന്നുമാണ് പോലീസ് മനുഷ്യാവകാശ കമ്മിഷനോട് അപേക്ഷിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കണ്ണൂർ മുൻ എസ്പി യതീഷ് ചന്ദ്ര യുവാക്കളെ ഏത്തമിടീച്ച സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിലാണ് പോലീസ് വീഴ്ച ഏറ്റുപറഞ്ഞിരിക്കുന്നത്.
റിപ്പോർട്ടിൽ ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുള്ളതിനാൽ നല്ലൊരു ഉദ്ദേശത്തോടെയാണ് ഏത്തമിടീക്കൽ ചെയ്യിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏത്തമിടീച്ച നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂർ റേഞ്ച് ഡിഐജി അഭ്യർഥിച്ചു.
ആരെങ്കിലും നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയാൽ പോലീസ് ആക്ടിൽ നിഷ്കർഷിക്കുന്നതനുസരിച്ചുള്ള നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കോവിഡ് വ്യാപനം തടയാൻ പോലീസ് കഠിന സേവനം നടത്തിയെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മിഷൻ നിയമ ലംഘകർക്കെതിരെ അക്രമം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അനുവദിക്കാൻ കഴിയില്ലയെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2020 മാർച്ച് 22നാണ് ജില്ലാ പോലീസ് മേധാവി വളപട്ടണത്തു തയ്യൽക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ച സംഭവം നടന്നത്.
Content Highlights : Police say those who violated the Kovid rules were wrong and should be forgiven

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !