ബെംഗളൂരു: കോടതി ഉത്തരവ് പാലിക്കാതെ ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ അധികൃതര്‍ മടക്കി അയച്ചു. ഹിജാബ് വിവാദത്തില്‍ ആദ്യം പ്രതിഷേധിക്കുകയും പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. എന്നാല്‍, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം.
ഹാള്‍ടിക്കറ്റ് വാങ്ങി പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സമ്മതിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരീക്ഷ ബഹിഷ്‌കരിച്ച് തിരികെ മടങ്ങി.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട ബോര്‍ഡ് പരീക്ഷയ്ക്കാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ച് കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.
എന്നാൽ, സര്‍ക്കാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവര്‍ പ്രതിഷേധമെന്ന രീതിയില്‍ പരീക്ഷയ്‌ക്കെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനത്തിനെതിരായ 15 പരാതികളാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുകയെന്നത് അവിഭാജ്യ ഘടകമല്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.
Content Highlights: Not allowed to write exams wearing hijab; Students say boycotted


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !