യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു | UAE President Sheikh Khalifa bin Zayed Al Nahyan has died

അബുദബി:
 യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചതായി പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അറിയിച്ചു. 73 വയസ്സായിരുന്നു പ്രായം. യുഎഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു," ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയാണ്.

പിതാവ് ഷെയ്‌ഖ് സായിദിന്റെ മരണത്തെത്തുടർന്ന് 2004 നവംബർ മൂന്നിനാണ് ഷെയ്‌ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. 1948 സെപ്റ്റംബര്‍ 7ന്‌ ജനിച്ച ഷെയ്‌ഖ് ഖലീഫ, 1971ൽ യുഎഇ രൂപവൽക്കരിക്കപ്പെട്ടപ്പോൾ ഇരുപത്താറാം വയസ്സിൽ ഉപപ്രധാനമന്ത്രിയായി. അഞ്ചു വർഷത്തിനു ശേഷം 1976 മേയിൽ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു. പ്രസിഡന്റ് എന്ന നിലയിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവൻ കൂടിയായിരുന്നു ഖലീഫ.

പുതുയുഗത്തിലേക്കു യുഎഇയെ നയിക്കുന്നതിന്റെ ഭാഗമായി ഖലീഫ നടപ്പാക്കിയ വനിതാക്ഷേമപ്രവർത്തനങ്ങളും രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടു. അധികാരമേറ്റ ഉടൻ 2004 നവംബറിൽ തന്നെ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം നൽകി. ഷെയ്‌ഖ ലൂബ്‌ന അൽ ഖാസിമിയാണ് യുഎഇയിലെ ആദ്യ വനിതാ മന്ത്രി. രാജ്യത്തെ പ്രഥമ വനിതാ ജഡ്‌ജിമാരായി ആലിയ സയിദ് അൽ കഅബിയെയും ആതിഖ അവാദ് അൽ കത്തീരിയെയും 2008 ജനുവരിയിൽ നിയമിച്ചു. സർക്കാരിലെ ഉന്നതപദവികളിൽ സ്‌ത്രീകൾക്കു 30% പ്രാതിനിധ്യം നൽകി. ബിസിനസ് മേഖലയിലും സ്‌ത്രീകൾക്കു കൂടുതൽ പരിഗണനയും പ്രോൽസാഹനവുമാണു ഷെയ്‌ഖ് ഖലീഫ നൽകിയത്.

അധികാരമേറ്റ് ഒരുവർഷത്തിനകം, രാജ്യത്തു ജനാധിപത്യവൽക്കരണത്തിനുള്ള നടപടികളും ഷെയ്‌ഖ് ഖലീഫ ആരംഭിച്ചിരുന്നു. യുഎ. ഫെഡറൽ നാഷനൽ കൗൺസിലിലേക്ക് പകുതി പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.

പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസത്തിനകം, സർക്കാർ ജീവനക്കാരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കാൻ ഉത്തരവിട്ട ഷെയ്‌ഖ് ഖലീഫ, ജനക്ഷേമത്തിനുള്ള തന്റെ പ്രതിബദ്ധത വ്യക്‌തമാക്കി. പലസ്‌തീനിൽ ഗാസ മുനമ്പിലെ ഷെയ്‌ഖ് ഖലീഫ നഗരം മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും ജനക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. വിസ്‌മയങ്ങളുടെ കലവറയായ അബുദാബി ഷെയ്‌ഖ് സായിദ് ഗ്രാൻഡ് മസ്‌ജിദ്, ജാതിമത ഭേദമന്യേ സഞ്ചാരികൾക്കെല്ലാം തുറന്നുകൊടുത്ത അദ്ദേഹം സർവമത സ്‌നേഹത്തിന്റെ സന്ദേശവാഹകനായി. യുഎഇയിൽ പരമാവധി മതസ്വാതന്ത്യ്രം അനുവദിക്കുന്നതിലും പ്രതിജ്‌ഞാബദ്ധനായിരുന്നു ഷെയ്‌ഖ് ഖലീഫ. നിശബ്‌ദവും എന്നാൽ സൂക്ഷ്‌മവും ഉറച്ചതുമായ പ്രവർത്തനങ്ങളുടെ പേരിലാണ് ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആദരിക്കപ്പെടുന്നത്.
Content Highlights: UAE President Sheikh Khalifa bin Zayed Al Nahyan has died
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.