കോഴിക്കോട്: ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട്ട് പേരാമ്പ്രയില്‍ ആക്രമണം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ഒരു സംഘം ആളുകൾ ജീവനക്കാരെ ആക്രമിച്ചത്. മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സൂപ്പര്‍മാര്‍ക്കറ്റ് മാനേജരുടെ കയ്യൊടിഞ്ഞിട്ടുണ്ട്. അക്രമികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. കടയിലേക്ക് വന്ന നാല് പേർ ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെട്ട് ജീവനക്കാരുമായി വാക്കേറ്റത്തിലായി. തർക്കം മൂത്തതോടെ ഇവർ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ ഐപിസി 308 (കുറ്റകരമായ നരഹത്യാ ശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്‌ഐ അറിയിച്ചു. ഇയാള്‍ ബിജെപിക്കാരനാണെന്ന് എസ്‌ഐ വ്യക്തമാക്കി. രണ്ട് പേരാണ് പ്രതികളെന്നാണ് പോലീസ് പറയുന്നത്. തങ്ങളെത്തുമ്പോള്‍ പ്രസൂണിനൊപ്പമുണ്ടായിരുന്നയാള്‍ വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
'ഉച്ചയോടെയായിരുന്നു സംഭവം. സൂപ്പര്‍ മാര്‍ക്കറ്റില്‍ മൂന്ന് കമ്പനികളുടെ ബീഫ് ഉണ്ട്. ഇവയുടെ പുറത്തെല്ലാം ഹലാല്‍ എന്ന് എഴുതിയിട്ടുണ്ട്. ഹലാല്‍ എഴുത്ത് ഇല്ലാത്ത ബീഫ് ഇവര്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന് അറിയിച്ചപ്പോള്‍ ജീവനക്കാരോട് തട്ടിക്കയറി. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റത്. പരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയത്. ഇവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നുണ്ട്.'- സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ ബാദുഷ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും വ്യാപാരി സംഘടനകളും ആക്രമണത്തില്‍ പ്രതിഷേധിച്ചു. ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിൽ സംഘ്പരിവാര്‍ ശക്തികളാണെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും ആരോപിച്ചു.
Content Highlights: Violence at supermarket in Perambalur demanding beef without halal stickers; One in custody
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !