![]() |
| പ്രതീകാത്മക ചിത്രം |
എടവണ്ണ: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയില്‍മേലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്ഥാപനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈം എസ്. ആർ 200 എം. ജി എന്ന മരുന്നാണ് കുറിപ്പടിയില്‍ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ കാണിച്ചപ്പോള്‍ പരാതിക്കാരന് ലഭിച്ചത് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറിയാണ് നല്‍കിയതെന്ന് വ്യക്തമായത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെടുന്ന ഗര്‍ഭചിദ്ര മരുന്ന് അവിവേകത്തോടെയാണ് സ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയിട്ടുള്ളതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതായും രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ല മരുന്ന് വില്‍പ്പനയെന്നും വ്യക്തമായതായും ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. എം.സി നിഷിത് പറഞ്ഞു.
സ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയ ഗര്‍ഭചിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടെടുത്ത തൊണ്ടി മുതലുകളും രേഖകളും മഞ്ചേരി ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസ് എടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. കോഴിക്കോട് മേഖല അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. എം.സി നിഷിത്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍ അരുണ്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. കുറിപ്പടിയില്ലാതെ ഗര്‍ഭച്ചിദ്ര മരുന്നുകളുടെ അനധികൃത വില്‍പ്പന കര്‍ശനമായി നിരീക്ഷിക്കുമെന്നും നിയമലംഘനം കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന തുടരും.
Content Highlights: Abortion drug changed: Case filed against medical shop


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !