ആ പാമ്പ് അവിടത്തന്നെ ഇരിക്കട്ടെ... അപരിചിത വീഡിയോ കോളുകള്‍ സ്വീകരിക്കരുതെന്ന മുന്നറിയപ്പുമായി കേരള പോലീസ് . വാട്‌സ് ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്തുവരുന്നു. അതിനാല്‍ മുന്‍കരുതല്‍ വേണമെന്നുമാണ് പോലീസ് ഓര്‍മ്മിപ്പിക്കുന്നത്.
മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കാള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്യും. നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പിന്നീട് പണം ആവശ്യപ്പെടുക.
വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു നല്‍കിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും.
ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവം.
സൂക്ഷിക്കുക.. വാട്‌സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കാളുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കുക..
കേരളപോലീസ് ഫേസ്ബുക് പോസ്റ്റ്:
Content Highlights: Do not accept unfamiliar video calls: Kerala Police warning
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !