അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് . 39-കാരിയായ മിതാലി വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ഖേല്‍രത്‌ന പുരസ്‌ക്കാരം നേടിയ ഏക വനിത ക്രിക്കറ്റര്‍ കൂടിയാണ് മിതാലി. 23 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം സജീവക്രിക്കറ്റിന്റെ ക്രീസില്‍നിന്ന് പിന്മാറുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
89 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് 2364 റണ്‍സും 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 699 റണ്‍സും മിതാലി രാജ് നേടിയിട്ടുണ്ട്. 2017ല്‍ മിതാലി രാജിന്റെ കീഴില്‍ ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ എത്തിയിരുന്നു. ക്രിക്കറ്റില് നിന്ന് 7805 റണ്‍സ് നേടിയിട്ടുണ്ട് മിതാലി.
1999 ജൂണില്‍ അരങ്ങേറ്റം കുറിച്ച മിതാലി രാജ്, ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായാണ് വിരമിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിച്ചതാണ് അവസാന മത്സരം . ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും തന്റെ അവസാന മത്സരത്തിലും മിതാലി 84-പന്തുകളില്‍ നിന്ന് 68 റണ്‍സ് നേടി. അടുത്തിടെ, ജുലന്‍ ഗോസ്വാമിക്കൊപ്പം വനിതാ ടി20 ചലഞ്ച് 2022 ല്‍ നിന്ന് മിതാലിക്കും വിശ്രമം അനുവദിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ 2019, 2020 പതിപ്പുകളില്‍ അവര്‍ വെലോസിറ്റിയുടെ ക്യാപ്റ്റനായിരുന്നു
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ കുറിപ്പില്‍ രാജ്യത്തിന് വേണ്ടി തന്റെ ഏറ്റവും മികച്ചത് നല്‍കാനായെന്ന് പറഞ്ഞു. ജീവിതത്തില്‍ രണ്ടാമത്തെ ഇന്നിംഗ്‌സിനായി കാത്തിരിക്കുന്നു എന്നാണ് മിതാലി കുറിച്ചത്
വര്‍ഷങ്ങളായി നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി! സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പരമോന്നത ബഹുമതിയാണ് . ഇന്ത്യയുടെ നീല ജഴ്‌സി ധരിക്കാനുള്ള യാത്ര തുടങ്ങിയപ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു. ഉയര്‍ന്നതും ചില താഴ്ച്ചകളും നിറഞ്ഞതായിരുന്നു ആ യാത്ര. ഓരോ സംഭവങ്ങളും എന്നെ എന്തെങ്കിലും പഠിപ്പിച്ചു, കഴിഞ്ഞ 23 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തവും വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായ വര്‍ഷങ്ങളായിരുന്നു.
'എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം.
'ഇന്ന് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്ന ദിവസമാണ്. ഓരോ തവണയും ഞാന്‍ മൈതാനത്ത് ഇറങ്ങുമ്പോള്‍ ഇന്ത്യയെ വിജയിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എന്റെ ഏറ്റവും മികച്ചത് നല്‍കി. ത്രിവര്‍ണ്ണ പതാകയെ പ്രതിനിധീകരിക്കാന്‍ എനിക്ക് ലഭിച്ച അവസരം ഞാന്‍ എപ്പോഴും വിലമതിക്കുന്നു.
'എന്റെ കളിജീവിതത്തിന് തിരശ്ശീല വീഴ്ത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് എനിക്ക് തോന്നുന്നു, കാരണം ടീം വളരെ കഴിവുള്ള ചില യുവകളിക്കാരുടെ കൈകളിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണ്.
ആദ്യം ഒരു കളിക്കാരനെന്ന നിലയിലും പിന്നീട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും എനിക്ക് ലഭിച്ച എല്ലാ പിന്തുണക്കും ബിസിസിഐയ്ക്കും ശ്രീ ജയ് ഷാ സാറിനും (ഓണററി സെക്രട്ടറി, ബിസിസിഐ) നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
'ഇത്രയും വര്‍ഷം ടീമിനെ നയിക്കാനായത് അഭിമാനകരമായ കാര്യമാണ്. അത് തീര്‍ച്ചയായും എന്നെ ഒരു മികച്ച വ്യക്തിയായി രൂപപ്പെടുത്തുകയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തു,' മിതാലി തന്റെ കത്തില്‍ കുറിച്ചു.
Content Highlights: Indian women's cricket team captain Mithali Raj has announced his retirement
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !