ആര്‍എസ്എസ് വേദിയിലെത്തിയ സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദറിനെ പിന്തുണച്ച് ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് എന്‍.ആര്‍ മധു. ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ഓഫീസിലേക്ക് കെ.എന്‍.എ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള ദേശസ്‌നേഹിയായ വ്യക്തി എന്ന നിലയിലാണെന്ന് എന്‍ആര്‍ മധു പറഞ്ഞു.
''മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. കേസരി പരിപാടിക്ക് വേണ്ടി അദ്ദേഹത്തെ ഞാന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. സംഭവത്തില്‍ ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ.എന്‍.എ ഖാദറിന് ഉണ്ടാകില്ല.''- എന്‍ആര്‍ മധു പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ലീഗ് നേതൃത്വം രംഗത്തെത്തി. കെ എന്‍ എ ഖാദര്‍ ചെയ്തത് നീതീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. കെ എന്‍ എ ഖാദര്‍ ചെയ്തത് മുസ്ലീം ലീഗ് നയത്തിന് എതിരാണ്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എം കെ മുനീര്‍ പറഞ്ഞു.
ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ കെ എന്‍ എ ഖാദര്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടുന്നത്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കെ എന്‍ എ ഖാദര്‍ രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും ഒരു സാംസ്‌കാരിക പരിപാടിയാണെന്നുമായിരുന്നു പ്രതികരണം. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്. ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു.
Content Highlights: 'KNA Khader will not be able to survive if the league is expelled': RSS
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.