തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ സാധാരണ നിലയിലേക്ക്. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളാണ് ഇന്നാരംഭിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകൾ തുറക്കുമ്പോൾ 42,90000 വിദ്യാർത്ഥികൾ ഇന്ന് ക്ലാസിലെത്തും. നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, അഡ്വ. ജി.ആർ. അനിൽ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജീവൻ ബാബു, റസൂൽ പൂക്കുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാരാജേന്ദ്രൻ, ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ, വാർഡ് കൗൺസിലർ എൽ.എസ്. കവിത, സ്കൂൾ പ്രിൻസിപ്പൽ ഐ. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.
ആദ്യ മൂന്നാഴ്ചയോളം പഠനഭാഗങ്ങളുടെ റിവിഷനായിരിക്കും. കഴിഞ്ഞ രണ്ട് വർഷം നടക്കാതിരുന്ന കായിക , ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇത്തവണ ഉണ്ടാകും. ഓൺലൈൻ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 'മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. വിദ്യാർത്ഥികൾ ഭക്ഷണം പങ്കുവയ്ക്കരുത്. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ടുകൊണ്ടുപോകും.'-മന്ത്രി പറഞ്ഞു.
പാഠ പുസ്തക, യൂണിഫോം വിതരണം തൊണ്ണൂറ് ശതമാനം പൂർത്തിയായി. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. ഇതുവരെയുള്ള കണക്ക് പ്രകാരം പതിനഞ്ചിനും പതിനേഴിനുമിടയിലുള്ള 54.12% കുട്ടികൾക്കും, പന്ത്രണ്ടിനും പതിനാലിനും ഇടിയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.
Content Highlights: Schools return to normal after a gap of two years
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !