Thrikkakara Byelection Result Live updates:
കൊച്ചി: കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം. ഉമ തോമസിന്‍റെ വിജയം 24,300 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ്. മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.
ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.
ആകാംക്ഷയുടെ മണിക്കൂറുകള്‍ക്ക് വിരാമമിട്ട് രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ യു.ഡി.എഫിന് ഒരു വോട്ടിന്റെ ലീഡ്. ആകെയുള്ള 10 പോസ്റ്റല്‍ വോട്ടുകളില്‍ ഉമാ തോമസിന് മൂന്നും എല്‍.ഡി.എഫിനും ബി.ജെ.പിക്കും രണ്ട് വീതം വോട്ടും ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 21 ബൂത്തുകളുള്ള ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസിന് 2249 വോട്ടിന്റെ ലീഡ്. ഇത്രയും ബൂത്തുകളില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടി വോട്ട്. അപ്പോഴേക്കും വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിന് പുറത്തും ഡിസിസി ഓഫീസിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണ 1258 ആയിരുന്നു പി.ടി തോമസിന്‍റെ ലീഡ്. അതേസമയം ഉമ തോമസ് 2249 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ 1180 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഉമയ്ക്ക് 1969 വോട്ടിന്‍റെ ലീഡ് ലഭിച്ചു. മൂന്നാം റൌണ്ടില്‍ 597 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ 2371 വോട്ടിന്‍റെ ലീഡ് ഉമ സ്വന്തമാക്കി. നാലാം റൌണ്ടില്‍ പി.ടിയുടെ ലീഡ് 1331 വോട്ടായിരുന്നു. എന്നാല്‍ ഉമയുടെ ലീഡ് 2401 വോട്ടാണ്. ഇങ്ങനെ ഓരോ റൌണ്ടിലും ഉമ തോമസ് ലീഡ് ഉയര്‍ത്തിക്കൊണ്ടുവന്നു.
പിന്നീട് എണ്ണിയ ഓരോ ബൂത്തും ഉമ തോമസിന്റെ ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ടിരുന്നു. നാലാം റൗണ്ട് കൂടി കഴിഞ്ഞതോടെ ലീഡ് 12,000 കടന്നു. ഏഴാം റൗണ്ട് എത്തിയപ്പോള്‍ 2021ല്‍ പി.ടി തോമസ് നേടിയ ഭൂരിപക്ഷവും മറികടന്ന് ലീഡ് 14,903ലെത്തി. കുതിപ്പ് ഓരോ ഘട്ടത്തിലും തുടര്‍ന്നുകൊണ്ടേയിരുന്നു.
മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആയിരുന്നു. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടര്‍മാരും 95274 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.
11 റൗണ്ടില്‍ 21 ബൂത്ത് വീതവും അവസാന റൗണ്ടില്‍ 8 ബൂത്തുമാണ് എണ്ണിയത്. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. രണ്ടാം റൗണ്ടില്‍ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകളിലേക്ക് വോട്ടെണ്ണല്‍ കടന്നു. മൂന്നാം റൗണ്ടില്‍ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടില്‍ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടില്‍ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണി. അവസാന റൗണ്ടില്‍ ചിറ്റേത്തുകര, മാവേലിപുരം ബൂത്തുകളാണ് എണ്ണിയത്.
കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരെയുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. 2011ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. മൂന്ന് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്. 2011ല്‍ ബെന്നി ബെഹന്നാനും 2016ലും 2021ലും പി.ടി തോമസുമാണ് ജയിച്ചത്. 2016ല്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 2021ല്‍ ഡോ ജെ ജേക്കബും. ഇരു തെരഞ്ഞെടുപ്പുകളിലും പി.ടി തോമസാണ് ജയിച്ചത്.
Content Highlights: Uma holding Thrikkakkara without letting go of her hand; A record majority of 25,015 votes






വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !