കൊല്ലത്ത് കോളേജ് വിദ്യാർഥികൾ വിനോദ യാത്ര പുറപ്പെടും മുൻപ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ രണ്ട് ബസുകളും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികൾ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. പൂത്തിരി കത്തിക്കുന്നതിനിടെ ബസ് കത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബസുകൾ തിരികെ വന്നാലുടൻ തന്നെ കസ്റ്റഡിയിലെടുക്കാനായിരുന്നു നിർദ്ദേശവും. അമ്പലപ്പുഴയിൽ വെച്ച് ആർടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് മോട്ടാർ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ ശേഷം കുട്ടികളെ കോളേജിൽ ഇറക്കാൻ ഡ്രൈവർമാരെ അനുവദിച്ചു.
ബസുകൾ കൊല്ലം ആർടിഒ എൻഫോഴ്‌സ്‌മെന്‌റ് വിഭാഗത്തിന് കൈമാറും. മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് രണ്ട് ബസുകൾക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ചതിന് കൊല്ലം പോലീസ് പ്രത്യേകം കേസെടുക്കും. കൊല്ലം പെരുമൺ എന്ജിനീയറിംഗ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളുടെ വിനോദ യാത്ര പുറപ്പെടും മുൻപാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്.
തീ ബസിലെക്ക് പടർന്നെങ്കിലും ഉടൻ അണച്ചു. ഇതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ബസ് ഉടമകളാണ് മുകളിൽ പൂത്തിരി കത്തിച്ചതെന്ന് കോളേജ് അധികൃതർ പറഞ്ഞിരുന്നു. സംഭവത്തിൽ കോളേജിന് പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കോളേജ് അധികൃതർ വ്യക്തമാക്കിയിരുന്നു.
Content Highlights: Bus burning incident: Kompan in custody
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !