ഭരണഘടനയ്‌ക്കെതിരെ വിവാദ പ്രസംഗം നടത്തിയ മുന്‍മന്ത്രി സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. കീഴ്‌വായ്പൂര് പൊലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കേസാണിത്.
പ്രസംഗം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന രണ്ട് എംഎല്‍എമാരുടെയും മൊഴി രേഖപ്പെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചിരുന്നു. തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തറിനാണ് അന്വേഷണച്ചുമതല. അതേസമയം വിവാദങ്ങളെ തുടര്‍ന്ന് സജി ചെറിയാന്‍ ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
എംഎല്‍എ ബോര്‍ഡ് വെച്ച് ഇന്ന് നിയമസഭയിലെത്തിയ സജി ചെറിയാന്‍ മന്ത്രി സ്ഥാനം നഷ്ടമായതില്‍ തനിക്ക് വിഷമില്ലെന്നും അഭിമാനമുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രി സ്ഥാനം രാജിവെച്ചത് തന്റെ സ്വതന്ത്ര തീരുമാനമാണെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്. പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന പ്രചാരണം വേദനിപ്പിച്ചു. നിയമോപദേശം തേടിയ സാഹചര്യത്തില്‍ തുടരുന്നത് ശരിയല്ലെന്നും സജി ചെറിയാന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. താനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജി വെച്ച സജി ചെറിയാന്‍ ഇനി ചെങ്ങന്നൂര്‍ എംഎല്‍എ എന്ന നിലയില്‍ തുടരും.
Content Highlights: Controversial speech against the Constitution; A case was filed against Saji Cherian
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !