യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ

0
യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ | Golden visa for nurses in UAE

അബുദാബി:
യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചു തുടങ്ങി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ വീസ നല്‍കുമെന്ന് ഈ വര്‍ഷം ഏപ്രിലില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാബ് ടെക്‌നീഷ്യന്മാരടക്കമുള്ളവര്‍ക്കും ഗോള്‍ഡന്‍ വീസ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവര്‍ക്കും കലാപ്രതിഭകള്‍ക്കും പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റുമായിരുന്നു ഇതുവരെ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നത്. നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ നല്‍കിത്തുടങ്ങിയത് യുഎഇയിലെ മലയാളികളുള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്ക് ഏറെ ഗുണകരമാകും. യുഎഇയില്‍ വലിയൊരു ശതമാനം നഴ്‌സുമാരും മലയാളികളാണ്.

അബുദാബി ഖലീഫ സിറ്റിയിലെ എന്‍എംസി റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂര്‍ സ്വദേശി അനുമോള്‍, അബുദാബി എന്‍എംസി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സുനില്‍ ജോസഫ് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചു. രണ്ട് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന അനുമോള്‍ വീസ പുതുക്കാന്‍ അപേക്ഷിച്ചപ്പോഴാണ് 10 വര്‍ഷത്തെ വീസ ലഭിച്ചതായി അറിഞ്ഞത്.

ഐസിപി യുഎഇ സ്മാര്‍ട് ആപ്പിലൂടെ പരിശോധിച്ചപ്പോള്‍ ഗോള്‍ഡന്‍ വീസയാണ് ലഭിച്ചതെന്ന് മനസിലാക്കുകയായിരുന്നുവെന്ന് അനുമോള്‍ പറഞ്ഞു. വൈകാതെ വീസ ഉള്‍പ്പെടത്തിയ എമിറേറ്റ്‌സ് െഎഡി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആലപ്പുഴ ജോസ്‌കോ കോളജ് ഓഫ് നഴ്‌സിങ്ങില്‍ നിന്ന് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അനുമോള്‍ ബേബി-ഷോബി ദമ്പതികളുടെ മകളാണ്. 10 വര്‍ഷത്തെ വീസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അനുമോള്‍ പറഞ്ഞു.

കഴിഞ്ഞ 13 വര്‍ഷമായി സുനില്‍ ജോസഫ് എന്‍എംസി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്നു. വീസ പുതുക്കലിന് അപേക്ഷിച്ചപ്പോഴാണ് ഗോള്‍ഡന്‍ വീസ ലഭിച്ചത്. ഐസിപി വഴി ഇത് ഉറപ്പുവരുത്തുകയായിരുന്നു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്ന് നഴ്‌സിങ് പൂര്‍ത്തിയാക്കിയ സുനില്‍ 2 വര്‍ഷം പൂനെയില്‍ ജോലി ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത്. അബുദാബിയില്‍ നഴ്‌സായ മഞ്ജു മാത്യുവാണ് ഭാര്യ. മക്കള്‍: ഏയ്ഞ്ചല സുനില്‍, ഇവാന്‍ സുനില്‍.

2021 ഓഗസ്റ്റില്‍ മലയാള ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വീസ ലഭിച്ചതോടെയാണ് ഇന്ത്യയില്‍ യുഎഇ ഗോള്‍ഡന്‍ വീസ പ്രശസ്തിനേടിയത്. തുടര്‍ന്ന് യുവതാരങ്ങളടക്കം ഒട്ടേറെ കലാകാരന്മാര്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചു.

ആദ്യഘട്ടമായി 6,500 നിക്ഷേപകര്‍ക്കു വീസ അനുവദിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും 2019ല്‍ പ്രഖ്യാപിച്ചു. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവരെയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. എന്നാല്‍, അടുത്തിടെ പഠനത്തില്‍ മികവ് നേടുന്ന വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡന്‍ വീസ നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.

അടുത്തകാലത്തായി യുഎഇയില്‍ നിന്ന് ഒട്ടേറെ നഴ്‌സുമാര്‍ ജോലി മതിയാക്കി യൂറോപ്പിലേക്കും മറ്റും പോയിരുന്നു. യുഎഇയിലേക്കു കൂടുതല്‍ നഴ്‌സുമാരെയും ആരോഗ്യരംഗത്തെ മറ്റു പ്രഫഷനലുകളെയും ആകര്‍ഷിക്കാന്‍ ഗോള്‍ഡന്‍ വീസ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: Golden visa for nurses in UAE
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !