ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാ മലയാളികളും കുഞ്ഞുനാളിൽ ചില സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും. ഇന്ത്യൻ ടീമിനുവേണ്ടി കളിക്കണം. സിക്സർ പായിച്ച് മത്സരങ്ങൾ ഫിനിഷ് ചെയ്യണം. പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് വാങ്ങി ഇംഗ്ലിഷിൽ സംസാരിക്കണം. അങ്ങനെ ഒത്തിരിയൊത്തിരി സ്വപ്നങ്ങൾ...
ആ മോഹങ്ങൾ ഒരു പരിധി വരെ യാഥാർത്ഥ്യമാക്കാൻ എസ്.ശ്രീശാന്തിനും ടിനു യോഹന്നാനും സാധിച്ചിരുന്നു. പക്ഷേ അവർ രണ്ടുപേരും ബോളർമാരായിരുന്നു. സിക്സറടിച്ച് മത്സരം ഫിനിഷ് ചെയ്യുക എന്നത് അവരിൽനിന്ന് പ്രതീക്ഷിക്കാനാവില്ലായിരുന്നു.
പക്ഷേ മുകളിൽ പറഞ്ഞ എല്ലാ സ്വപ്നങ്ങളും ഇപ്പോൾ യാഥാർത്ഥ്യമായിട്ടുണ്ട്. അതിന് നാം കടപ്പെട്ടിരിക്കുന്നത് സഞ്ജു സാംസനോടാണ്.
സിംബാബ്വെയിൽ നടന്ന ഏകദിന പരമ്പര ഇന്ത്യ 2-0 എന്ന മാര്‍ജിനിൽ സ്വന്തമാക്കിയിട്ടുണ്ട്. 162 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ചുവിക്കറ്റിന് ജയിച്ചു. 39 പന്തുകളിൽ 43 റൺസ് നേടിയ സഞ്ജുവാണ് കളിയിലെ ടോപ് സ്കോറർ ആയത്. വിജയം കുറിച്ച ഹിറ്റ് ഉൾപ്പടെ നാലു സിക്സറുകളാണ് സഞ്ജു അടിച്ചത്. അയാൾ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇന്ത്യൻ ടീമിൽ ഒരു മലയാളി ബാറ്റർ കളിക്കും എന്നുപോലും ആരും വിചാരിച്ചിരുന്നില്ല. അത്തരമൊരു പശ്ചാത്തലത്തിൽനിന്ന് ഉദയം ചെയ്ത സഞ്ജു ഇത്രയെല്ലാം നേടിയതുതന്നെ വലിയ കാര്യമാണ്. സഞ്ജു നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനകേന്ദ്രമാണ്.
ഇപ്പോഴത്തെ സഞ്ജുവിൻ്റെ വിജയഗാഥയ്ക്ക് ഒരു ഫ്ലാഷ്ബാക് കൂടിയുണ്ട്. അത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
സഞ്ജുവിൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റം സിംബാബ്വേയ്ക്കെതിരെയായിരുന്നു. അന്ന് അയാൾ 20 വയസ്സ് പോലും പിന്നിട്ടിരുന്നില്ല. മാദ്ധ്യമങ്ങൾ സഞ്ജുവിനുചുറ്റും വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു.
അണ്ടർ-19 ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി റൺമഴ പെയ്യിച്ച ബാറ്റർ. എഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ കളിക്കാരൻ. മുൻ ശ്രീലങ്കൻ ക്യാപ്‌റ്റൻ മഹേല ജയവർദ്ധനെയെ ഓർമ്മിപ്പിക്കുന്ന അനായാസമായ ബാറ്റിങ്ങ് ശൈലി. സഞ്ജു എന്ന ടീനേജറെ മീഡിയ വാഴ്ത്തിയതിൽ യാതൊരു അത്ഭുതവും ഇല്ലായിരുന്നു.
എന്നാൽ ആദ്യ അങ്കത്തിൽ സഞ്ജുവിന് ചുവടുപിഴച്ചു. സിംബാബ്വേ ഉയർത്തിയ 146 എന്ന വിജയലക്ഷ്യത്തിനുമുമ്പിൽ ഇന്ത്യ പതറി. വിക്കറ്റുകൾ തുടരെ വീണു. ഏഴാമനായി ഇറങ്ങിയ സഞ്ജുവായിരുന്നു ഇന്ത്യയുടെ അവസാന അത്താണി.
പക്ഷേ ടീമിനെ രക്ഷിക്കാൻ സഞ്ജുവിനും കഴിഞ്ഞില്ല. ലോങ്-ഓണിൽ ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ സഞ്ജുവിൻ്റെ പേരിൽ 19 റണ്ണുകളേ ഉണ്ടായിരുന്നുള്ളൂ. കളിയിൽ സിംബാബ്വേ അട്ടിമറി വിജയം നേടി.
സഞ്ജു പുറത്തായ നിമിഷത്തിൽ ഹരാരേ സ്പോർട്സ് ക്ലബ്ലിലെ കാണികൾ സന്തോഷം കൊണ്ട് അലറിവിളിച്ചിരുന്നു. സഞ്ജു അത് ഒരുകാലത്തും മറക്കുമെന്ന് തോന്നുന്നില്ല.
അതിനുശേഷം സഞ്ജുവിൻ്റെ കരിയറിൽ വലിയ വീഴ്ച്ചകളാണ് സംഭവിച്ചത്. വീണ്ടും ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ നീണ്ട അഞ്ചുവർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ഇടക്കാലത്ത് കേരള ടീമിലെ സ്ഥാനം പോലും കൈമോശം വന്നു. സഞ്ജുവിൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടമായിരുന്നു അത്.
പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയെങ്കിലും സഞ്ജു ഉയിർത്തെഴുന്നേറ്റു. ഹരാരെയിൽ അയാൾ വീണ്ടും എത്തി. ഒരിക്കല്‍ക്കൂടി സഞ്ജു ലോങ്ങ്-ഓണിലേയ്ക്ക് ലോഫ്റ്റഡ് ഷോട്ട് കളിച്ചു. ഇപ്രാവശ്യം പന്ത് ഫീൽഡറുടെ തലയ്ക്കുമുകളിലൂടെ ഗാലറിയിൽ പതിച്ചു!
ഒരിക്കൽ തന്നെ കയ്പുനീർ കുടിപ്പിച്ച മൈതാനത്തെയും എതിരാളികളെയും സഞ്ജു കീഴടക്കി. പണ്ട് തൻ്റെ രക്തത്തിനുവേണ്ടി ആർത്തുവിളിച്ച കാണികളെക്കൊണ്ടുതന്നെ കയ്യടിപ്പിച്ചു!
ഇതല്ലേ ഏറ്റവും വലിയ ഹീറോയിസം? ജീവിതം മടുത്തു എന്ന് തോന്നുന്നവർക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ കഥ.
സമ്മാനദാനച്ചടങ്ങിൽ വെച്ച് ഒരു സിംബാബ്വേ ബാലന് സഞ്ജു ക്രിക്കറ്റ് പന്തിൽ കൈയ്യൊപ്പിട്ട് നൽകിയിരുന്നു. ആ സമയത്ത് സഞ്ജുവിൻ്റെ കണ്ണ് നിറഞ്ഞിരുന്നോ എന്ന് സംശയമുണ്ട്. ആ കുട്ടി തൻ്റെ മനസ്സിനെ സ്പർശിച്ചു എന്ന് സഞ്ജു പറയുകയും ചെയ്തു.
ക്രിക്കറ്റിൽ ഇതൊരു പുതിയ സംഭവമല്ല. പക്ഷേ ഒരു കളിക്കാരൻ ഇപ്രകാരം പ്രതികരിക്കുന്നതിൽ പുതുമയുണ്ട്.
വിനയവും സഹജീവികളോട് കരുതലുമുള്ള കളിക്കാരനാണ് സഞ്ജു. അയാൾ വിണ്ണിലെ താരമല്ല. നമുക്കിടയിൽ മണ്ണിൽ ചവിട്ടിനിൽക്കുന്ന മനുഷ്യനാണ്. അങ്ങനെയുള്ള സഞ്ജുവിനെ വെറുക്കുന്നവരോട് എന്ത് പറയാനാണ്!?
ഹരാരെയിൽ നടന്നത് പോലുള്ള കാഴ്ച്ചകൾ നാം ഇതിനുമുമ്പും കണ്ടിട്ടുണ്ട്.
ഇന്ത്യയുടെ റൺചേസ് നടക്കുന്നു. മുൻനിര തകരുന്നു. പക്ഷേ അവസാനത്തെ അംഗീകൃത ബാറ്റർ കൂസലില്ലാതെ നിൽക്കുന്നു. അവസാനം സിക്സറിലൂടെ കളി തീരുന്നു. എം.എസ് ധോനി അതിൻ്റെ സ്പെഷലിസ്റ്റായിരുന്നു.
അന്ന് ധോനി ; ഇന്ന് സഞ്ജു...!
ഇപ്പോഴിത് പറയാനുള്ള അവകാശം നമുക്കുണ്ട്. എന്നും ആ മന്ത്രം ഉരുവിടാനുള്ള യോഗം മലയാളികൾക്ക് ഉണ്ടാവട്ടെ.
✍️:Sandeep Das
Content Highlights: A dream that all cricket loving Malayalees long to see
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !