![]() |
File Photo |
പാലക്കാട്: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ ഡാം നാളെ തുറന്നേക്കും. ജലനിരപ്പ് റൂള്‍ കര്‍വ് ലെവലില്‍ എത്തിയാല്‍ നാളെ രാവിലെ ഒന്‍പതുമണിക്ക് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
112.06 മീറ്ററാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. റൂള്‍ കര്‍വ് ലെവല്‍ 112.99 മീറ്ററാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് റൂള്‍ കര്‍വ് ലെവല്‍ എത്തുവാന്‍ സാധ്യതയുണ്ട്. ഈ ലെവലില്‍ എത്തുന്ന മുറയ്ക്ക് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഒന്‍പത് മണിക്ക് തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുവാന്‍ സാധ്യതയുണ്ടെന്നാണ് കലക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നത്.
മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ, എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും മീന്‍ പിടിത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും കലക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് രാത്രി കനത്ത മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും അറിയിപ്പ് നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
Content Highlights: Malampuzha Dam may open tomorrow; Alert on Bharatapuzha shores
ഏറ്റവും പുതിയ വാർത്തകൾ: