കുട്ടിക്കാലത്ത് ഞങ്ങളുടെയൊപ്പം റബ്ബര്‍തോട്ടത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ വന്നിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. സൗരവ് ഗാംഗുലിയെ ആരാധിച്ചിരുന്നയവള്‍, ഞങ്ങള്‍ വലംകയ്യന്‍മാര്‍ക്കിടയിലെ ഏക ഇടം കയ്യന്‍ ബാറ്ററായിരുന്നു. കുറച്ചൂടെ മുതിര്‍ന്നപ്പോള്‍ അവള്‍ ഞങ്ങള്‍ക്കൊപ്പം കളിക്കാന്‍ വരാതെയായി. ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും അവളെ വീട്ടുക്കാര്‍ വിലക്കികാണുമായിരിക്കും.
പഞ്ചാബിലെ ലുധിയാനയില്‍ നിന്നും എഴുപത് കിലോമീറ്ററോളമുള്ളിലുള്ള, ‘മോഗ ‘ എന്ന ഗ്രാമത്തില്‍, ഞങ്ങളുടെ കളികൂട്ടുകാരിയെപോലെയൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഗോതമ്പു മണികള്‍ വിളഞ്ഞു കിടന്ന പാടത്തെ കൊയ്‌ത്തോഴിഞ്ഞ മൂലയില്‍, ആണ്‍കുട്ടികള്‍ക്കൊപ്പം പൊരിവെയിലത്ത് ക്രിക്കറ്റുകളിച്ചു നടന്നിരുന്ന, വീരേന്ദര്‍ സേവാഗിനെയാരാധിച്ചിരുന്ന, ഒരു പെണ്‍കുട്ടി. മുതിര്‍ന്നപ്പോള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതില്‍ നിന്നും അവളെയും വീട്ടുകാര്‍ വിലക്കി. എന്നാല്‍ അവരുടെ കണ്ണ് വെട്ടിച്ച് അവള്‍ കളിക്കാന്‍ പോയികൊണ്ടേയിരുന്നു.
‘പിന്നെ, നീ കളിച്ച് കളിച്ച് സേവാഗിനൊപ്പം ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങാന്‍ പോവാണെല്ലോ’ എന്ന് തന്നെ പരിഹസിച്ച ആണ്‍പിള്ളേരുടെ പന്തുകളെ പാടത്തിന്റെയേറ്റവുമോരത്തുള്ള വേപ്പ് മരത്തിനു മുകളിലൂടെ പറത്തി, ബാറ്റുകൊണ്ട് അവള്‍ മറുപടി നല്‍കി. ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു ആ പെണ്‍കുട്ടിയെ വളരെ യാദൃശ്ചികമായാണ് ക്രിക്കറ്റ് കോച്ചും, ഗ്യാന്‍ ജ്യോതി പബ്ലിക് സ്‌കൂളിന്റെ ഉടമയുമായ കമല്‍ധീഷ് സിംഗ് സോധി കാണുന്നത്. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയവളുടെ മാതാപിതാക്കള്‍ അവളെ, സോധിയുടെ മകന്‍ യന്‍വീന്തര്‍ സിംഗിന് കീഴില്‍ ക്രിക്കറ്റ് കോച്ചിങ്ങിനയിക്കാന്‍ സമ്മതിച്ചു. ഗ്യാന്‍ ജ്യോതി സ്‌കൂളില്‍ പഠനവും, ക്രിക്കറ്റ് കൊച്ചിങ്ങും, അവളിലെ ക്രിക്കറ്ററിനെ രാഗിമിനുക്കിയെടുത്തു.
2009 ICC വുമന്‍സ് വേള്‍ഡ് കപ്പിലേയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടുമ്പോള്‍ അവള്‍ക്കു പത്തൊന്‍പത് വയസ്സായിരുന്നു പ്രായം. ഓസ്‌ട്രേലിയക്കുള്ള വിമാനം കയറ്റിവിടാന്‍ എയര്‍പോര്‍ട്ടിലെത്തിയ അച്ഛന്റെ സുഹൃത്തുക്കള്‍ അവളെ ഉപദേശിച്ചു, ‘മോളെ വെറുതെ പന്ത് ഉയര്‍ത്തി അടിക്കാന്‍ നോക്കി ഔട്ട് ആക്കാതെ സിംഗിള്‍ എടുത്ത് കളിക്കുക. സിക്‌സ് അടിക്കുക എന്നത് പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. അതിന് ആണുങ്ങളെ പോലെ നല്ല കരുത്ത് വേണം.’
വേള്‍ഡ് കപ്പിലെ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍, ഓസ്‌ട്രേലിയക്കാരി എമ്മ സ്വെപ്‌സണിനെ, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഗ്യാലറിയുടെ അഞ്ചാം ടീയറിലേക്ക് അടിച്ചിട്ട്, വനിതാ ക്രിക്കറ്റിലെ ഏറ്റവും നീളം കൂടിയ സിക്‌സര്‍ തന്റെ പേരിലാക്കി കൊണ്ടായിരുന്നു അവള്‍ ‘പെണ്‍കരുത്ത് ‘ എന്താണെന്ന് അവര്‍ക്ക് കാട്ടികൊടുത്തത്. ഇങ്ങനെ വന്യമായി പ്രഹരിക്കാനുള്ള ശക്തി ലഭിക്കാനായി അവള്‍ ഡ്രഗ്‌സ് കഴിക്കുന്നുണ്ടോ എന്ന് സംശയിച്ച്, ICC അധികൃതര്‍ അവളെ ഡോപിംഗ് ടെസ്റ്റിന് വിധേയമാക്കി. അവര്‍ക്കറിയില്ലല്ലോ, മോഗയിലെ ഗോതമ്പു പാടങ്ങള്‍ക്ക് അതിര്‍ത്തി സൃഷ്ട്ടിച്ചിരുന്ന വേപ്പിനും, യൂക്കാലിപ്റ്റസിനും, പേരാലിനും മുകളിലൂടെ മൂളിപറന്നുപോയ എണ്ണമറ്റ തുകല്‍ പന്തുകളുടെ കഥകള്‍.
ഇന്ത്യന്‍ ജെഴ്‌സിയില്‍ അവള്‍ മികച്ച പ്രകടങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എന്നാല്‍ സച്ചിനും, ധോണിയും, കൊഹ്ലിയുമൊക്കെ ഭരിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഭൂമികയില്‍ അവള്‍ക്കോ, അവള്‍ പ്രതിനിധാനം ചെയ്ത വുമെന്‍ ക്രിക്കെറ്റിനോ വലിയ സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയെ പ്രതിനിധികരിക്കുന്ന ഒരു സ്‌പോര്‍ട്‌സ് താരമായ അവള്‍ പഞ്ചാബ് പോലീസില്‍ ഒരു ജോലിക്കുവേണ്ടി ശ്രമിച്ചപ്പോള്‍, പോലീസ് ഡിജിപി അവളോട് പറഞ്ഞത് ‘പോലീസില്‍ ജോലി തരാന്‍ നീ ഹര്‍ഭജന്‍ സിംഗ് ഒന്നുമല്ലല്ലോ, വെറുമൊരു വനിതാ ക്രിക്കറ്ററല്ലേ’ എന്നാണ്.
അവഗണിച്ചവരും, അപമാനിച്ചവരും വാഴ്ത്തിപാടൊന്നൊരു ദിവസം വരുമെല്ലോ. 20 ജൂലൈ 2017 അത്തരമൊരു ദിവസമായിരുന്നു. ICC വുമണ്‍ വേള്‍ഡ് കപ്പ് സെമി ഫൈനല്‍. ഇന്ത്യ VS ഓസ്‌ട്രേലിയ. 115 പന്തില്‍ ഏഴ് കൂറ്റന്‍ സിക്‌സറുകളുടെയും, ഇരുപതു ബൗണ്ടറികളുടെയും അടക്കം അവള്‍ അന്ന് നേടിയത് 171 റണ്‍സായിരുന്നു. ലോകകപ്പ് വേദിയില്‍, മൈറ്റി ഓസീസിനെതിരെ ഒരു ഇന്ത്യന്‍ ബാറ്റര്‍ ഇത്ര ആധികാരിതയോടെ ബാറ്റു ചെയ്യുന്ന കാഴ്ച മെന്‍സസ് ക്രിക്കറ്റില്‍ പോലും അപൂര്‍വതകളില്‍ അപൂര്‍വ്വതയായിരുന്നു. ആ ഒറ്റ ഇന്നിങ്‌സായിരുന്നു, ഇന്ത്യയില്‍, വുമണ്‍ ക്രിക്കറ്റിന്റെ ഭാഗധേയം തന്നെ മാറ്റിയെഴുതിയത്.
സച്ചിനും, സേവാഗും, കോഹ്ലിയും എന്നുവേണ്ട ഇന്ത്യ മുഴുവനും അവളെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടി. കഴിഞ്ഞ ദിവസം, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കലാശപോരാട്ടത്തില്‍ നമ്മുടെ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചത് അവള്‍ക്കു പിഴച്ചുപോയൊരു സ്‌കൂപ്പ് ഷോട്ടിലായിരുന്നു.
ഇന്ന് നിങ്ങള്‍ മോഗയില്‍ ചെന്ന് നോക്കുക. പാഡും, ഗ്ലൗസും, ഹെല്‍മറ്റും അണിഞ്ഞു കൊണ്ട് ക്രിക്കറ്റ് പരിശീലിക്കുന്ന അനേകം പെണ്‍കുട്ടികളെ കാണാമവിടെ. കുറച്ചു നാള്‍ മുന്‍പ് വരെ, പഠിച്ച് ഒരു NRI യെ വിവാഹം കഴിച്ച് ക്യാനഡയ്ക്ക് ചേക്കേറണമെന്ന് ആഗ്രഹിച്ചിരുന്ന അവരില്‍ പലരോടും, ഇപ്പോള്‍ നിങ്ങള്‍ക്ക് ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചു നോക്കുക…
അതിനുത്തരമായി മോഗയിലെ വഴിയോരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന വലിയ പരസ്യബോര്‍ഡുകളിലേയ്ക്ക് അവര്‍ കൈ ചൂണ്ടി കാണിക്കും. ആ പരസ്യം ബോര്‍ഡുകള്‍ക്കെല്ലാം ഒരേ മുഖമാണ്. ‘ഇത് പെണ്ണിന് പറ്റിയ പണിയല്ല’ എന്ന് പരിഹസിച്ചു പറഞ്ഞ ആണഹന്തകളെ, ഇംഗ്ലീഷ് വില്ലോകൊണ്ട് നൂറ് മീറ്റര്‍ സിക്‌സര്‍ പറത്തുന്ന ഒരു പെണ്‍പുലിയുടെ മുഖം…..
‘ഹര്‍മന്‍ പ്രീത് കോര്‍’ ടീം ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. കാലത്തിന്റെ കാവ്യനീതിപോലെ അവള്‍ ജനിച്ചത് ഒരു മാര്‍ച്ച് 8 ആയിരുന്നു…വനിതാദിനത്തില്‍. മായാ അഞ്ചേലോയുടെ വാക്കുകളാണ് ഓര്‍മ്മ വരുന്നത്. ‘ഓരോ തവണയും ഒരു സ്ത്രീ തനിക്ക് വേണ്ടി നിലകൊള്ളുമ്പോള്‍, അവള്‍ അറിയാതതന്നെ, അവകാശപ്പെടാതെ തന്നെ, ഈ ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയവള്‍ നിലകൊള്ളുകയാണ്.’
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍
Content Highlights: She replied with the bat to those who mocked her saying, 'You are going to play and play and open with Sehwag.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !