തെരുവു നായ് പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് കൂട്ടായ ശ്രമം നടത്തണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും വിവിധ വകുപ്പ് ജില്ലാ മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ മൃഗങ്ങള്‍ക്ക് നടത്തുന്ന പ്രതിരോധ വാക്‌സിനേഷന്‍ ഡ്രൈവ് വിജയമാക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പഞ്ചായത്തുകള്‍ അടിയന്തിരമായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും ബോര്‍ഡ് യോഗം ചേര്‍ന്ന് ഫണ്ട് വകയിരുത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് ഉപഡയറക്ടര്‍ ഷാജി ജോസഫ് പറഞ്ഞു. ജില്ലയില്‍ രണ്ട് ബ്ലോക്കുകള്‍ക്ക് ഒന്ന് എന്ന തോതില്‍ എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) സ്റ്റെറിലൈസേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള വിഹിതം ഗ്രാമപഞ്ചായത്തുകളും വകയിരുത്തണം. പ്രതിരോധ വാക്‌സിന്‍ നല്‍കിയ വളര്‍ത്തു മൃഗങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കണം. തെരുവ് നായകള്‍ കൂടുതലുളള പ്രദേശങ്ങള്‍ , ആക്രമണം സ്ഥിരമായ മേഖലകള്‍ എന്നിവ കണ്ടെത്തി ഹോട്ട്‌സ്‌പോട്ടുകള്‍ തയാറാക്കാന്‍ കര്‍മ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
മനുഷ്യരെയും വളര്‍ത്ത് മൃഗങ്ങളേയും ആക്രമിച്ച വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നുണ്ട്. വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ച വിവരം മൃഗ സംരക്ഷണ വകുപ്പും മനുഷ്യരെ ആക്രമിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പുമാണ് ശേഖരിക്കുന്നത്. ജില്ലയില്‍ നിലവില്‍ 10 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഓരോ ഹോട്ട്‌സ്‌പോട്ടിലും തെരുവുനായ് ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് ശ്രമം നടത്തുന്നത്. ഭക്ഷണ, മാംസ അവശിഷ്ടങ്ങള്‍ വഴിയില്‍ തള്ളുന്നത് തെരുവുനായ വ്യാപനത്തിന് കാരണമാവുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ശുചിത്വ മിഷന്‍ അടക്കമുള്ള വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സ്‌കൂള്‍ പി.ടി.എകളുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് പേവിഷബാധയെക്കുറിച്ചും മൃഗങ്ങള്‍ കടിച്ചാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും ബോധവത്കരണ ക്ലാസുകള്‍ നല്‍കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
തെരുവുനായകളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നതിന്് ജില്ലയില്‍ നിലവില്‍ 40 പേര്‍ക്ക് പരിശീലനം നല്‍കിയതായും കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ പറഞ്ഞു. റാബീസ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ മൃഗപാലകര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Collective effort needed to solve stray dog problem: District Collector
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !