മൊഹാലിയില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കേ മറികടന്നു.
കാമറൂണ്‍ ഗ്രീനിന്റെയും മാത്യു വെയ്ഡിന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഓസീസ് ജയം സമ്മാനിച്ചത്. വിജയത്തോടെ ഓസ്‌ട്രേലിയ പരമ്ബരയില്‍ 1-0ന് മുന്നിലെത്തി.
സ്വന്തം തട്ടകത്തില്‍ ജയത്തോടെ തുടങ്ങാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ തല്ലി തകര്‍ത്തുള്ള ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഓപണര്‍ കാമറൂണ്‍ ഗ്രീനിന്റെ അര്‍ധ സെഞ്ച്വറി(30 ബോളില്‍ 61) ഓസീസ് സ്കോറിംഗ് വേഗത്തിലാക്കി. പുറത്താകാതെ 45 റണ്‍സെടുത്ത മാത്യു വെയ്ഡ് ഓസ്ട്രേലിയയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. സ്റ്റീവന്‍ സ്മിത്ത് 35 റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നു വിക്കറ്റും ഉമേഷ് യാദവ് രണ്ടു വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒമ്ബത് പന്തില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മ പുറത്തായി. വിരാട് കോലിക്കും കാര്യമായൊന്നും ചെയ്യാനാകാതെ ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി. കെ.എല്‍ രാഹുലും സൂര്യകുമാര്‍ യാദവും മൂന്നാം വിക്കറ്റില്‍ 42 പന്തില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ടു. ഇതിനിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറിയും കരിയറിലെ 18ാം ഫിഫ്റ്റിയും രാഹുല്‍ നേടി. 35 പന്തില്‍ 55 റണ്‍സെടുത്ത് രാഹുലും പുറത്തായി.
പിന്നാലെ 25 പന്തില്‍ 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും പവലിയനിലേക്ക് മടങ്ങി. രണ്ട് ഫോറും നാല് സിക്‌സറും അടക്കമാണ് സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. അക്‌സര്‍ പട്ടേലിനും (6 റണ്‍സ്), ദിനേഷ് കാര്‍ത്തിക്കും (6 റണ്‍സ്) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഹര്‍ഷല്‍ പട്ടേലിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ ടീം ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തി. അവസാന അഞ്ച് ഓവറില്‍ ഇന്ത്യ നേടിയത് 67 റണ്‍സ്. അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി മാറിയ ഹാര്‍ദിക് 20-ാം ഓവറിലെ അവസാന മൂന്ന് പന്തുകള്‍ സിക്സര്‍ പറത്തി. ഏഴ് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ഹാര്‍ദികിന്റെ ഇന്നിംഗ്‌സ്.
Content Highlights: India lost in the first T20, Aussies won by 4 wickets
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !