നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് എല്‍ഡിഎഫ് നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകണം. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് സെപ്റ്റംബർ 14ന് ഹാജരാകണമെന്ന സിജെഎം കോടതിയുടെ കര്‍ശന നിര്‍ദേശം. മന്ത്രി ശിവന്‍കുട്ടിയെ കൂടാതെ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ അജിത് കുമാര്‍, സി കെ സദാശിവന്‍, കെ. കുഞ്ഞമ്മദ് എന്നിവരാണ് മറ്റു പ്രതികള്‍. വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി ബുധനാഴ്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
കേസ് പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടതോടെയാണ് എല്‍ഡിഎഫ് നേതാക്കള്‍ വിചാരണ കോടതിയില്‍ ഹാജരാകേണ്ടിവരുന്നത്. വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതല്‍ ഹര്‍ജിയില്‍ വിധി വരുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത്. എന്നാല്‍, സാങ്കേതികവാദങ്ങളുയര്‍ത്തി വിചാരണ നടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതടക്കമുള്ള നടപടികള്‍ക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്.
അതേസമയം, വിടുതല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 26ന് വിശദമായ വാദം കേള്‍ക്കും. കേസില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കള്‍ നിരത്തിയത്. നേരത്തെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ കോടതിയില്‍ ഹാജരാകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയ്യാറായിരുന്നില്ല. ആ സാഹചര്യത്തിലായിരുന്നു കോടതി അന്തിമ താക്കീതെന്ന നിലയില്‍ ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. 2.20 ലക്ഷം രൂപ നഷ്ടം ഉണ്ടാക്കിയെന്നാണ് കുറ്റപത്രം. പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ തുടങ്ങി അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. വിചാരണ നടപടികളുടെ തീയതിയും ഇന്ന് തീരുമാനിക്കും.
Content Highlights: Legislature Kaiankali case: Six accused including minister Sivankutty to appear in court today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !