വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു.
വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്‌സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒപ്പം ഇറങ്ങിവന്ന യുവതിയോട് അധികം താമസിയാതെ തന്നെ ഭര്‍ത്താവ് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നതു പതിവായി. ഇതിനിടെ ഗര്‍ഭിണിയായതോടെ ദുരിതം ഏറി.
കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ച ഭര്‍ത്താവ് യുവതിയെ ഒരു തരത്തിലും സഹായിക്കാതായി. സാമ്പത്തികമോ വൈകാരികമോ ആയ ഒരു പിന്തുണയും ഭര്‍ത്താവില്‍നിന്നു ലഭിക്കാതാവുകയും ഭര്‍തൃമാതാവിന്റെ ഉപദ്രവം ഏറിവരികയും ചെയ്തതോടെ യുവതി സ്വന്തം വീട്ടിലേക്കു മടങ്ങി. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.
യുവതി വിവാഹിതയായതിനാല്‍ ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവുമായി ചേര്‍ന്നുള്ള സംയുക്ത അപേക്ഷ വേണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഭാര്യയെ തിരിച്ചു സ്വീകരിക്കുന്നതില്‍ കോടതിയില്‍ പോലും ഭര്‍ത്താവ് അനുകൂല നിലപാട് എടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് യുവതിയുടെ ആരോഗ്യത്തിനു ഗുണകരമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചതും കോടതി പരിഗണിച്ചു. വിവാഹ മോചനത്തിനു രേഖകളില്ലെന്ന കാരണത്താല്‍ മാത്രം ഗര്‍ഭഛിദ്രത്തിനുള്ള അപേക്ഷ തള്ളാനാവില്ലെന്ന് കോടതി വിലയിരുത്തി.
Content Highlights: Married woman does not need husband's permission for abortion: HC
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !