പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ: സ്ഥലമേറ്റടുക്കലിന്റെ ഭാഗമായുള്ള കല്ലിടല്‍ തുടങ്ങി

0
പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ സ്ഥലമേറ്റടുക്കലിന്റെ ഭാഗമായുള്ള ജില്ലയിലെ കല്ലിടലിന് തുടക്കമായി. പാലക്കാട് ജില്ലയില്‍ നിന്നും പാത മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടി പ്രദേശത്ത് നടന്ന ചടങ്ങില്‍ ആദ്യകല്ല് ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണും എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടില്‍ സഫിയയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ കെ. കബീര്‍മാസ്റ്റര്‍, ഇ.എ നാസര്‍ മാസ്റ്റര്‍, തഹസില്‍ദാര്‍ പി. ഷംസുദീന്‍, ലെയ്സണ്‍ ഓഫീസര്‍മാരായ സി.വി മുരളീധരന്‍, സുഭാഷ് ചന്ദ്രബോസ്, ദേശീയ പാത അതോറിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിഷേക്, സര്‍വേയര്‍മാരായ നിസാമുദീന്‍, വര്‍ഗീസ് മംഗലം, വിഷ്ണു എന്നിവരും ഭൂമി ഏറ്റെടുക്കല്‍ ഓഫീസിലെയും ദേശീയപാത അതോറ്റിയിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ 15 വില്ലേജുകളില്‍ കൂടിയാണ് പാത കടന്നുപോകുന്നത്. 121 കിലോമീറ്റര്‍ പാതയിലെ 52.8 കി.മീ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. എടപ്പറ്റ, കരുവാരക്കുണ്ട്, തുവൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂര്‍, എളങ്കൂര്‍, കാരക്കുന്ന്, പെരകമണ്ണ, കാവനൂര്‍, അരീക്കോട്, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, വാഴയൂര്‍, വില്ലേജുകളിലൂടെയാണ് ജില്ലയിലെ പാത കടന്നുപോകുന്നത്. 45 മീറ്റര്‍ വീതിയില്‍ പൂര്‍ണമായും പുതിയ പാതയാണ് നിര്‍മിക്കുന്നത്. ഓരോ അന്‍പത് മീറ്ററിലും ഇരുവശത്തും അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കും. ഇത്തരത്തില്‍ 2144 അതിര്‍ത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. അലൈന്‍മെന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ജി.പി.എസ് കോര്‍ഡിനേറ്റ്സിന്റെ അടിസ്ഥാനത്തിലാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. അതിനാല്‍ കല്ലുകള്‍ക്ക് സ്ഥാന ചലനം സംഭവിച്ചാലും എളുപ്പത്തില്‍ പുന: സ്ഥാപിക്കാനാവും. കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നില്ലെന്ന് അതത് ഭൂഉടമസ്ഥര്‍ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാകും.

ഒരുമാസം കൊണ്ട് ജില്ലയിലെ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറായിട്ടുള്ളത്. കല്ലിടലിനോടൊപ്പം സര്‍വേ ജോലികളും ആരംഭിക്കും. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഓരോരുത്തരില്‍ നിന്നും ഏറ്റെടുത്ത ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവയുടെ കണക്കെടുക്കുന്നതായിരിക്കും. ഇതിനായി ബന്ധപ്പെട്ട ഭൂ ഉടമസ്ഥര്‍ ആധാരത്തിന്റെയും നികുതി രസീതിയുടെയുംപകര്‍പ്പുകള്‍ സഹിതം സ്ഥലത്ത് ഉണ്ടായിരിക്കണം.ഏറ്റെടുക്കുന്ന ഭൂമിയിലെ അതിര്‍ത്തികള്‍ വ്യക്തമായി കല്ലിട്ട് വേര്‍തിരിക്കും.

നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനുശേഷം വിലനിര്‍ണയത്തിലേക്ക് കടക്കും. നഷ്ടപ്പെടുന്ന ഭൂമി, നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകമായി വിലനിശ്ചയിക്കും. ഭൂമിയുടെ വില റവന്യൂ അധികൃതരും നിര്‍മിതികളുടെ വില പൊതുമരാമത്ത് ഉദ്യോഗസ്ഥരും കാര്‍ഷിക വിളകളുടേത് കൃഷി ഓഫീസര്‍മാരും മരങ്ങളുടേത് ഫോറസ്റ്റ് അധികൃതരുമാണ് നിശ്ചയിക്കുന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാര നിര്‍ണയവും പുനരധിവാസവും. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നിശ്ചയിക്കുന്ന വിലയുടെ രണ്ടര ഇരട്ടിയും മറ്റുള്ളവയ്ക്ക് ഇരട്ടി തുകയും നഷ്ടപരിഹാരമായി ലഭിക്കും. നിശ്ചയിച്ച നഷ്ടപരിഹാരതുക ഡെപ്യൂട്ടികലക്ടര്‍മാരുടെ അക്കൗണ്ടില്‍ എത്തിയതിനു ശേഷം മാത്രമേ ഒഴിഞ്ഞുപോകുന്നതിന് നോട്ടീസ് നല്‍കുകയുള്ളൂ. ഒഴിയുന്നതിന് 60 ദിവസം വരെ സമയമെടുക്കാം. വിട്ടൊഴിഞ്ഞതിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടപരിഹാരം അക്കൗണ്ടില്‍ എത്തും. അയതിനുശേഷം മാത്രമേ കെട്ടിടം പൊളിക്കലും റോഡ് നിര്‍മാണവും ആരംഭിക്കൂ. ജില്ലയിലെ അവികസിത പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് അനുകൂലമായ പ്രതികരണമാണ് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: Palakkad-Kozhikode Greenfield Highway: Stone laying has started
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !