കർഷകരുടെ പൊതു ശത്രുവായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിന് മാറാക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നി വേട്ട ആരംഭിച്ചു. ലൈസൻസ് ഷൂട്ടർമാരും ഇരുപതോളം വേട്ടനായ്ക്കളും ഉൾപ്പെടുന്ന സംഘമാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് വേണ്ടി മാറാക്കരയിൽ എത്തിയിട്ടുള്ളത്.
പന്നികൾ കൂട്ടമായി പകൽ സമയങ്ങളിൽ തങ്ങുന്ന കാടുകൾ 50 ഓളം വരുന്ന ഷൂട്ടർ സംഘം വളയുകയും വേട്ട നായകളുടെ സഹായത്തോടെ പന്നികളെ പുറത്ത് എത്തിച്ചു വെടിവെച്ചു കൊല്ലുന്ന രീതിയാണ് നടപ്പിലാക്കുന്നത്. പന്നി ശല്യം അതി രൂക്ഷമായ മാറാക്കര പറപ്പൂർ പ്രദേശത്തു നിന്നാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മാറാക്കരയിലെ കർഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പഞ്ചായത്ത് പ്രത്യേക ഉത്തരവിലൂടെ വനംവകുപ്പിന്റെ ലൈസൻസ് ഉള്ള ഷൂട്ടർമാരെ രംഗത്തിറക്കിയത്. അതുകൊണ്ടുതന്നെ കർഷകരുടെ വലിയ പിന്തുണയാണ് മാറാക്കര പഞ്ചായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രാവിലെ ആറുമണിക്ക് ആരംഭിച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി സജ്ന ടീച്ചർ, വൈസ് പ്രസിഡണ്ട് ഉമറലി കരേക്കാട്, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒകെ സുബൈർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, വാർഡ് മെമ്പർമാരായ ടി വി റാബിയ, ജാഫർ എ പി, കുട്ടൻ എന്നിവർ എത്തിച്ചേർന്നു.
കർഷക പ്രതിനിധികളായചന്ദ്രൻ നായർ,സലാം ഹാജി എന്നിവർ സംഘത്തെ അനുഗമിച്ചു. വിവിധ ദിവസങ്ങളായി മാറാക്കര പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലും കാട്ടുപന്നി വേട്ട നടക്കും എന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The shooting of wild boars has started in the Marakara Gram Panchayat
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !