ദുബായ്: ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ദുബായിലെ ജബല്‍അലിയിലുള്ള ക്ഷേത്രം ഇന്ത്യയുടെ തനത് വാസ്തുശില്‍പ്പ പാരമ്പര്യത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
വിജയദശമി ദിനം മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറര മുതല്‍ രാത്രി എട്ടു വരെ ക്ഷേത്രം തുറക്കും. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തും ദര്‍ശനത്തിന് ക്ഷേത്രം മാനേജ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ശ്രീകോവിലുകൾ മാത്രമാണ് തുറക്കുന്നത്. ദിവസവും 1200 ആളുകൾക്ക് ദർശനത്തിനും പ്രാർത്ഥനയ്‌ക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. മുപ്പതുലക്ഷത്തോളം ഇന്ത്യക്കാർ അധിവസിക്കുന്ന യുഎഇയുടെ തലസ്ഥാനഎമിറേറ്റിലാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം ഉയർന്നത്.
സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളികളുടെയും സമീപമാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 16 മൂർത്തികൾക്കു പ്രത്യേക കോവിലുകൾ, സാംസ്കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ചേരുന്നതാണ് ജബൽ അലിയിലെ പുതിയ ക്ഷേത്രം. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 മിനാരങ്ങൾ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആരാധന മൂർത്തികൾക്ക് ക്ഷേത്രത്തിൽ ശ്രീകോവിലുകളുണ്ട്.. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, ഗുരുവായൂരപ്പൻ, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും. പ്രാർത്ഥന മുറികൾക്കു പുറമെ ആത്മീയവും സാംസ്‌കാരികവുമായ ആശയ വിനിമയത്തിനുള്ള രാജ്യാന്തര വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠന മേഖലകൾ, ഉദ്യാനം, കായിക കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയുമുണ്ട്.
വിവിധ മതവിഭാഗങ്ങളെ വിശാലതയോടെ, സഹിഷ്ണുതയോടെ സ്വീകരിക്കുന്ന യുഎഇ സർക്കാരിൻറെ നയപ്രകാരമാണ് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. യുഎഇ സഹിഷ്ണുതാ വർഷമായി ആചരിച്ച 2019 ഏപ്രിൽ 20 ന് ശിലാസ്ഥാപനത്തോടെ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബൽ അലിയിലെ ഗ്രാൻഡ് ടെംപിളിനു സ്വന്തം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Dubai's largest Hindu temple opened for devotees
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !