ഖര മാലിന്യ നിർമ്മാർജ്ജനത്തിന് ഹരിതകർമ്മസേന വാങ്ങുന്ന 50 രൂപയെപറ്റിയുള്ള പോസ്റ്റുകൾ നമ്മൾ കണ്ടു. കേരളത്തിലെ വേസ്റ്റ് മാനേജ്‌മെന്റിന് എന്താണ് ബദൽ എന്ന് ആരും നിർദ്ദേശിച്ചു കണ്ടില്ല.
നമ്മെ സംബന്ധിച്ചിടത്തോളം
പ്ലാസ്റ്റിക് കവറുകൾ കൂട്ടിയിട്ട് കത്തിച്ചാലേ ഒരു സമാധാനം വരൂ എന്നതാണ് അവസ്ഥ! അതല്ലെങ്കിൽ ഒഴിഞ്ഞ പറമ്പിലോ, റോഡിന്റെ സൈഡിലോ, അയൽവാസിയുടെ മൂലക്കോ, പുഴയിലോ, തോട്ടിലോ വലിച്ചെറിയണം.
റോഡ് സൈഡിലേക്കും ഒഴിഞ്ഞ സ്ഥലങ്ങളിലേക്കും, പുഴയിലേക്കും തോട്ടിലേക്കും ഒന്ന് നോക്കിയാൽ മനസ്സിലാവും നമ്മുടെ ഈ ശീലത്തിന്റെ ഫലം.
എന്നാൽ ഇതേ ആളുകൾ തന്നെ വിദേശ രാജ്യങ്ങളിലെത്തിയാൽ ഈ ദുഃശീലങ്ങൾ എല്ലാം മറക്കും, അവിടുത്തെ നിയമങ്ങൾ പാലിക്കും, നാട്ടിലെത്തിയാൽ വീണ്ടും ഇതേ ശീലം തുടങ്ങും.
ഒരു പദ്ധതിയെ സംബന്ധിച്ചിടത്തോളം അത് സുസ്ഥിരമായി മുന്നോട്ട് പോകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, ആ പദ്ധതി മുന്നോട്ട് പോകാൻ വേണ്ട ഫണ്ട് വേണം, അതിനു വേണ്ടിയാണ് ഈ 50 രൂപ വാങ്ങിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമാകുന്ന ആളുകളുടെ പങ്കാളിത്തത്തോടെ ഫണ്ട് കണ്ടെത്തുമ്പോൾ വളരെ ചെറിയ ഒരു ഇൻവെസ്റ്റ്മെന്റിന് മാലിന്യ നിർണമാർജ്ജനം എന്ന വളരെ വലിയ ഒരു ഉത്തരവാദിത്തം നിറവേറും.
ഈ അൻപത് രൂപയാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം! അതായത് ഒരു ദിവസം 1രൂപ 70 പൈസ! വീട്ടിലുള്ള വേസ്റ്റ് റോട്ടിലും തോട്ടിലും കൊണ്ട് ഇടാൻ സ്കൂട്ടറിൽ പോകാൻ ഇതിലും കൂടുതൽ പെട്രോളിന് കാശ് ചെലവാകും.
വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുമായി സഹകരിച്ചു രണ്ട് വർഷം ജോലി ചെയ്ത അനുഭവം വെച്ചു പറയാം, അന്ന് ഹരിത കർമ്മ സേനയിലെ തൊഴിലാളികളോടുള്ള ആളുകളുടെ സമീപനം വളരെ മോശം രീതിയിലായിരുന്നു.
പ്ലാസ്റ്റിക് വേസ്റ്റും അല്ലാത്തവയും വേർതിരിച്ചു വെക്കണം എന്ന് എത്ര തന്നെ പറഞ്ഞാലും പലരും മിക്സ് ചെയ്ത് വെക്കും, കുട്ടികളുടെ സ്‌നഗ്ഗി വരെ വേസ്റ്റൊടെ ഹരിത സേനയുടെ സഞ്ചിയിൽ തിരുകി വെച്ച അനുഭവം കണ്ടിട്ടുണ്ട്. ദിവസങ്ങൾ കഴിയുമ്പോൾ അതിന്റെ നാറ്റം ഊഹിക്കാവുന്നതിലും അപ്പുറമാണ്.
പ്ലാസ്റ്റിക് വേസ്റ്റിനും ദ്രവിച്ചു പോകുന്ന വേസ്റ്റിനും രണ്ടു ബക്കാറ്റുകൾ അടുക്കളയിൽ വെച്ചാൽ ഈ പ്രയാസം വളരെ ഈസിയായി മാനേജ് ചെയ്യാം, മീൻ, മാംസം, പാൽ പോലുള്ളതിന്റെ കവറുകൾ കഴുകി മാത്രം വേസ്റ്റിൽ ഇടാൻ പറയുന്നത് അത് വേർതിരിക്കുമ്പോഴുള്ള പ്രയാസം ഒഴിവാക്കാനാണ്.
വേസ്റ്റ് മാനേജിമെന്റിലെ ഏറ്റവും പ്രയാസമേറിയ ജോലിയാണ് കളക്ട് ചെയ്യുന്ന പ്ലാസ്റ്റിക് വേസ്റ്റും അല്ലാത്തവയും ദിവസങ്ങൾക്ക് ശേഷം വേർതിരിക്കുക എന്നത്.ഹരിതസേനയിലെ ജോലിക്കാർക്ക് ഏറ്റവും പ്രയാസമുള്ള ഒരു ജോലി. നമ്മൾ കാണാത്ത ആ ജോലിക്ക് കൂടെയുള്ള ശമ്പളവും മറ്റ് ചെലവുകളും മാനേജ് ചെയ്യാനാണ് ഈ അൻപത് രൂപ കളക്ട് ചെയ്യുന്നത്.
വീട്ടിൽ നിന്ന് കളക്ട് ചെയ്യുന്ന പ്ലാസ്റ്റിക് വേസ്റ്റിൽ നിന്നും വരുമാനമുണ്ടാക്കി അത് ഹരിത സേനയുടെ പ്രവർത്തനത്തിനുപയോഗിക്കാം എന്നാണ് പലരും പറയുന്നത്. എന്നാൽ ഹരിതസേന കളക്ട് ചെയ്യുന്ന പ്ലാസ്റ്റിക് വേസ്റ്റുകളെല്ലാം നേരിട്ട് റീസൈക്കിൾ ചെയ്യാൻ പറ്റുന്നതല്ല, അത് പ്രോസാസിങ് യൂണിറ്റിലേക്ക് എത്തിക്കാൻ തന്നെ വലിയ ചെലവുണ്ട്.
തൂക്കി വിറ്റാൽ പണം കിട്ടുന്ന പ്ലാസ്റ്റിക്, ലോഹങ്ങൾ, പേപ്പർ കാർട്ടൂൺ ബോക്സുകൾ എന്നിവ വീട്ടുകാർ തന്നെ നേരിട്ട് വിൽക്കുകയാണ് ചെയ്യാറ് (അവ വാങ്ങിക്കാൻ നിരവധിയാളുകൾ വാഹനവുമായി വീടുകൾ തോറും വരുന്നുമുണ്ട് )
നമ്മളുണ്ടാക്കുന്ന മാലിന്യങ്ങൾ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്.
നമ്മൾ മലയാളികൾക്ക് വ്യക്തി ശുചിത്വം കൂടുതലാണെങ്കിലും സാമൂഹിക ശുചിത്വം വളരെ കുറവാണെന്ന് തോന്നിയിട്ടുണ്ട്, അതുകൊണ്ടായിരിക്കുമല്ലോ രണ്ട് നേരം കുളിക്കുന്നവരും വീട്ടിലെ വേസ്റ്റ് കാട്ടിലും തോട്ടിലും കളഞ്ഞു ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
കേരളത്തിലെ വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം ശരിയായ രീതിയിലാവാൻ ഇനിയും സമയമെടുക്കുമെന്ന് തോന്നുന്നു.
വേസ്റ്റ് മാനേജ്‌മെന്റു മായി ബന്ധപ്പെട്ട അവബോധം ചെറിയ പ്രായം മുതലേ നൽകേണ്ടതുണ്ട്.
മുതിർന്നവർക്ക് വിവിധ മാധ്യമങ്ങളിലൂടെ വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട അവബോധമുണ്ടാക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യണം.
വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കുന്നവർക്കെതിരെയും പൊതുവഴിയിൽ നിക്ഷേപിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയെടുക്കണം.
നിരോധിച്ച പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തണം, നിരോധിച്ച പ്ലാസ്റ്റിക് ഉൽപാദനം, വില്പന എന്നിവ നടത്തുന്ന ഷോപ്പുകൾക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്.
ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് പോലുള്ളവ ഉണ്ടാക്കുന്നതിനും അവ അടുക്കളത്തോട്ടങ്ങൾ, പൂന്തോട്ടം എന്നിവക്കുപയോഗിക്കാൻ പറ്റുന്ന രീതിയിൽ പ്രോസസ്സ് ചെയ്യുന്നതിനും വേണ്ടിയുള്ള പരിശീലനങ്ങൾ നൽകണം.
സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ വാഹനത്തിൽ ഒരു സഞ്ചി സൂക്ഷിച്ചാൽ വീട്ടിൽ വരുന്ന കവറുകളുടെ എണ്ണം കുറക്കാം.
വേസ്റ്റ് കൈകാര്യം ചെയ്യുന്ന ഹരിത സേനയുടെ ആളുകൾക്ക് സുരക്ഷിതമായി ആ ജോലി ചെയ്യാൻ വേണ്ട സേഫ്റ്റി സൗകര്യങ്ങൾ ഉണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തേണ്ടതുണ്ട്.
വളരെ ടോക്സിക് ആയ ഒട്ടും സുരക്ഷിതമല്ലാത്ത ഈ ജോലി ചെയ്യുന്ന ഹരിതസേന അംഗങ്ങൾക്ക് അർഹിക്കുന്ന രീതിയിൽ തന്നെ നല്ല ശമ്പളവും പരിശീലനങ്ങളും നൽകേണ്ടതുണ്ട്.
വേസ്റ്റ് മാനേജ്‌മെന്റിനു സാനിറ്റേഷൻ ഡിപ്പാർട്മെന്റുകൾ പോലെ പ്രത്യേക സംവിധാനം കൊണ്ടു വരേണ്ടതുണ്ട്,
കൗൺസിൽ tax പോലെ ഈ 50 രൂപ വീട്ടുനികുതിയുടെ ഒപ്പം പേ ചെയ്യാൻ സംവിധാനമുണ്ടാക്കിയാൽ വേസ്റ്റ് എടുക്കാൻ വരുന്നവർക്ക് നേരിട്ട് പണം കൊടുക്കുമ്പോഴുള്ള പ്രയാസം ഒഴിവാക്കാം . ഇനി ഈ തുകയടക്കാൻ സാമ്പത്തികമായി കഴിയാത്തവരുണ്ടെങ്കിൽ അർഹരായവർക്ക് വേണ്ടി ആ തുക പഞ്ചായത്ത് കണ്ടെത്തണം.
ഏതൊരു വിഷയവും തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടുണ്ടാവും, ക്രമേണ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് പരിഹരിച്ച് ഒരു സിസ്റ്റത്തിലേക്ക് മാറിക്കൊണ്ടിരിക്കും,അങ്ങനെ അതൊരു ശീലവും സംസ്കാരവും ആയി മാറും... കാത്തിരിക്കാം.
✍️Khamarudheen KP
C.O.O Happiness Route
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !