സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ കേന്ദ്രീകൃത ഡാറ്റാബേസ് സംവിധാനമായ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയാണ് പഞ്ചിങ് നടപ്പാക്കുന്നത്. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസിലും സംവിധാനം നടപ്പില്‍ വരുന്നതിന് പിന്നാലെ 2023 മാര്‍ച്ചോടെ മറ്റെല്ലാ ഓഫീസുകളിലും നടപ്പാക്കാനാണ് പദ്ധതി. തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാല്‍ ബുധനാഴ്ച മുതലായിരിക്കും സംവിധാനം പ്രവർത്തിച്ച് തുടങ്ങുക. ചീഫ് സെക്രട്ടറിയാണ് ബയോമെട്രിക് പഞ്ചിങ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതോടെ ജോലിക്ക് ഹാജരാകാന്‍ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സര്‍ക്കാരിന് പിടിക്കാനാകും. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനാണ് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നത് എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ വകുപ്പ് മേധാവികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്ത് നേരത്തെ പലതവണ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ വിവിധ സര്‍ക്കാരുകളുടെ കാലത്ത് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഇ കെ നായനാര്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് സെക്രട്ടേറിയറ്റിന്റെ അനക്‌സില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. പിന്നീട് 2001ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം വ്യാപകമായി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. 2010 മുതല്‍ വിവിധ സര്‍ക്കാർ ഓഫീസുകളില്‍ പഞ്ചിങ് ഉണ്ടായിരുന്നുവെങ്കിലും അതല്ലാതെയുളള ഒപ്പിടല്‍ ഹാജരാണ് ഭൂരിപക്ഷവും ഉപയോഗപ്പെടുത്തിയിരുന്നത്.
Content Highlights: Biometric punching for government employees from today


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !