വളാഞ്ചേരി: രണ്ടുപേരിൽ നിന്ന് 10.25 ലക്ഷം രൂപയും 93 പവൻ ആഭരണങ്ങളും തട്ടിയ കേസിൽ മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ അറസ്റ്റിൽ. വല്ലപ്പുഴ ചൂരക്കോട് സ്വദേശി ആര്യശ്രീയെ (47) ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
കോളേജിൽ സഹപാഠി ആയിരുന്ന പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവനും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശിയിൽ നിന്ന് 8.75 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. വിദേശത്ത് എൻജിനീയറായിരുന്ന കണ്ണിയംപുറം സ്വദേശിയെ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ വീതം നൽകാമെന്നും എപ്പോൾ ആവശ്യപ്പെട്ടാലും നിക്ഷേപം മുഴുവനായി മടക്കി നൽകാമെന്നും ധരിപ്പിച്ചാണ് ആര്യശ്രീ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
വീട് പണിയാൻ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്ന പഴയന്നൂർ സ്വദേശിനിയിൽ നിന്ന് പല ആവശ്യങ്ങൾ പറഞ്ഞ് 93 പവൻ ആഭരണം കൈപ്പറ്റി. ഭവനവായ്പ താൻ അടച്ചു തീർക്കാമെന്നും അതിനുശേഷം ആഭരണം തിരികെ നൽകാമെന്നുമായിരുന്നു വാഗ്ദാനം. മലപ്പുറം പൊലീസ് സൊസൈറ്റിയിൽ അടയ്ക്കാനെന്ന പേരിൽ 50,000 രൂപയും ഭർത്താവിന് വിദേശത്ത് പോകാൻ 50,000 രൂപയും ഡ്രൈവറുടെ ചോർന്നൊലിക്കുന്ന വീട് നന്നാക്കാൻ 50,000 രൂപയും ഇവരിൽ നിന്ന് വാങ്ങി. ഉറപ്പുകൾ പാലിക്കാതെ വന്നതോടെയാണ് പണവും സ്വർണവും നഷ്ടപ്പെട്ടവർ പൊലീസിനെ സമീപിച്ചത്.
ഒറ്റപ്പാലം ഇൻസ്‌പെക്ടർ എം.സുജിത്തിന്റെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് ആര്യശ്രീയെ അറസ്റ്റ് ചെയ്‌തത്. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ആര്യശ്രീയെ റിമാൻഡ് ചെയ്തു. പട്ടാമ്പി കൊപ്പത്തെ ഒരു ജ്വല്ലറിയിൽ നിന്ന് ഇവർ 15 ലക്ഷം രൂപയുടെ ചെക്ക് നൽകി ആഭരണങ്ങൾ വാങ്ങിയിരുന്നു. ചെക്ക് മടങ്ങി. ഇതുസംബന്ധിച്ച് കൊപ്പം പൊലീസിലും പരാതിയുണ്ട്.
നിഷേധിച്ചു, സമ്മതിച്ചു
പേടിയോ മടിയോ ഇല്ലാതെയാണ് ആര്യശ്രീ സ്റ്റേഷനിൽ എത്തിയത്. യൂണിഫോം ധരിച്ചെത്തിയ അവർ ഇൻസ്‌പെക്ടർ മുമ്പാകെ സല്യൂട്ട് നൽകി. തട്ടിപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് ആദ്യം ഒന്നും അറിയില്ലെന്ന ഭാവത്തിലായിരുന്നു മറുപടി. അന്വേഷണ സംഘം തെളിവുകൾ ഹാജരാക്കിയപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
Content Highlights: Gold and cash looted: Valancherry woman ACSI arrested at Ottapalam
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !