ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാമത് എഡിഷന് വെടിക്കെട്ട് തുടക്കം. തകര്‍പ്പന്‍ ബാറ്റിങ്ങുമായി ഓപ്പണര്‍മാര്‍ ഇരുപക്ഷത്തും മിന്നിത്തിളങ്ങിയ മത്സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിച്ചു. സ്വന്തം തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നാലു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു വിക്കറ്റിനു തോല്‍പിച്ചാണ് അവര്‍ വിജയത്തുടക്കം കുറിച്ചത്.
അര്‍ധസെഞ്ചുറി നേടിയഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും(63) മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിജയ് ശങ്കര്‍(27), ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ(25) എന്നിവരുടെയും മികച്ച ബാറ്റിങ്ങാണ് ഗുജറാത്തിന് ജയമൊരുക്കിയത്. ഒരു ഘട്ടത്തില്‍ കളി കൈയില്‍ നിന്നു വഴുതുമെന്നു തോന്നിപ്പിച്ചപ്പോള്‍ വാലറ്റത്തിറങ്ങി മൂന്നു പന്തില്‍ 10 റണ്‍സ് നേടിയ റാഷിദ് ഖാന്റെ കാമിയോ പ്രകടനവും അവരുടെ ജയത്തില്‍ നിര്‍ണായകമായി.
ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഗില്ലും സാഹയും ചേര്‍ന്ന് നല്‍കിയത്. ഓവറില്‍ 10 റണ്‍സ് എന്ന നിരക്കില്‍ സകോര്‍ ചെയ്തു മുന്നേറിയ ഈ സഖ്യം നാലാം ഓവറിലാണ് പിരിഞ്ഞത്. 16 പന്തില്‍ രണ്ടു വീതം സിക്‌സറും ഫോറും സഹിതം 25 റണ്‍സ് നേടിയ സാഹയെ യുവതാരം രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ പുറത്താക്കുകയായിരുന്നു.
എന്നാല്‍ ഗില്ലിനു കൂട്ടായി എത്തിയ 'ഇംപാക്ട് പ്ലെയര്‍' സായ് സുദര്‍ശന്‍ സാഹ നിര്‍ത്തിയിടത്തു നിന്നാണ് തുടങ്ങിയത്. ഗില്‍-സാഹ കൂട്ടുകെട്ടിന്റെ അതേ ശൈലിയില്‍ ഗില്‍-സായ് സഖ്യവും ആക്രമിച്ചപ്പോള്‍ ഗുജറാത്ത് സ്‌കോര്‍ നില കുതിച്ചുയര്‍ന്നു. ഓവറില്‍ 10 റണ്‍സ് എന്ന നിലയില്‍ തന്നെ മുന്നേറി.
ഒടുവില്‍ 10-ാം ഓവറിന്റെ മൂന്നാം പന്തില്‍ സായ് സുദര്‍ശനെയും ഹംഗര്‍ഗേക്കര്‍ വീഴ്ത്തുമ്പോള്‍ ഗുജറാത്തിന്റെ സ്‌കോര്‍ 90-ല്‍ എത്തിയിരുന്നു. തുടര്‍ന്നെത്തിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ടു റണ്‍സ് മാത്രമെടുത്തു രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നീട് വിജയ് ശങ്കറാണ് ഗില്ലിനു കൂട്ടായി നിന്നത്.
എന്നാല്‍ ഏറെ വൈകാതെ ഗില്ലും മടങ്ങി. 36 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 63 റണ്‍സ് നേടിയ ഗില്ലിനെ ചെന്നൈയുടെ ഇംപാക്ട് പ്ലെയര്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് മടക്കിയത്.
പിന്നീട് സ്‌കോര്‍നില താഴ്‌ന്നെങ്കിലും ഒരറ്റത്തു പിടിച്ചു നിന്ന വിജയ് ശങ്കറും പിന്നീടെത്തിയ രാഹുല്‍ തെവാട്ടിയ(14 പന്തില്‍ 15 നോട്ടൗട്ട്), റാഷിദ് ഖാനും ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 50 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 92 റണ്‍സ് നേടിയ റുതുരാജിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അവരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
റുതുരാജിനു പുറമേ 17 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 23 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി, 18 പന്തുകളില്‍ നിന്ന് ഒരു സിക്‌സര്‍ സഹിതം 19 റണ്‍സ് നേടിയ ശിവം ദുബെ, ഏഴു പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ എം.എസ്. ധോണി എന്നിവരാണ് ചെന്നൈയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ(1), ഓള്‍റൗണ്ടമാരായ ബെന്‍ സറ്റോക്‌സ്(7), രവീന്ദ്ര ജഡേജ(1), മധ്യനിര താരം അമ്പാട്ടി റായിഡു(12) എന്നിവര്‍ നിരാശപ്പെടുത്തി.
ടൈറ്റന്‍സിനു വേണ്ടി നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ റാഷിദ് ഖാനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവര്‍ റാഷിദിനു മികച്ച പിന്തുണ നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Gujarat Titans beat Chennai Super Kings by five wickets


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !