ഇന്ത്യൻ നിർമിത കഫ് സിറപ്പിന്റെ ഗുണനയിലവാരത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്യൂപി ഫർമാകെം നിർമിക്കുന്ന ചുമയ്‌ക്കുള്ള സിറപ്പ് സുരക്ഷിതമല്ലെന്ന് സംഘടന അറിയിച്ചു. കുട്ടികളിൽ കൂടുതൽ പ്രത്യാഘാതമുണ്ടാക്കും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കോ മരണത്തിലേക്കോ വരെ സിറപ്പിന്റെ ഉപയോഗം നയിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ പ്രൊഡക്റ്റ് അലർട്ട് വിഭാഗമാണ് പസിഫിക് ദ്വീപുകളായ മാർഷൽ ഐലന്റിലും മൈക്രോനേഷ്യയിലുമുള്ള നിലവാരം കുറഞ്ഞ ഒരു വിഭാഗം ഗൈഫനസിൻ സിറപ്പുകൾ കണ്ടെത്തിയത്. പട്ടിക ഏപ്രിൽ ആറിന് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ചുമയെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന സിറപ്പുകളാണ് ഗൈഫനസിൻ. ഹരിയാനയിലെ ട്രിലിയം ഫാർമയാണ് പട്ടികയിലുള്ള ഇന്ത്യൻ കഫ് സിറപ്പിന്റെ വിപണനം നടത്തുന്നത്. ഇവർ ഇത്രയും കാലമായിട്ടും മരുന്നിന്റെ നിലവാരവും സുരക്ഷയും സംബന്ധിച്ച് യാതൊരുവിധ ഉറപ്പുകളും ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയിട്ടില്ല. അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും മരുന്നിൽ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. മനുഷ്യ ശരീരത്തിൽ മാരകമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷ പദാർഥങ്ങളാണ് ഇവ.
'പട്ടികയിൽ പരാമർശിച്ചിരിക്കുന്ന ഉത്പന്നം നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തവയുമാണ്. അതിന്റെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളിൽ, ഗുരുതരമായ പ്രശ്നങ്ങളോ മരണമോ വരെ ഉണ്ടാക്കിയേക്കാം. വയറുവേദന, ഛർദ്ദി, വയറിളക്കം, മൂത്രതടസം, തലവേദന, മാനസികാവസ്ഥയിൽ മാറ്റം, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്കയ്ക്കുള്ള തകരാറുകൾ വരെ ഇവയുടെ ഫലമായി ഉണ്ടാകാം'- ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിൽ പറയുന്നു.
മാർഷൽ ഐലൻഡിൽ നിന്നുള്ള ഗൈഫനസിൻ സിറപ്പിന്റെ സാമ്പിളുകൾ ഓസ്‌ട്രേലിയയിലെ തെറാപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ (TGA) ഗുണനിലവാര നിയന്ത്രണ ലബോറട്ടറികളിലാണ് പരിശോധന നടന്നത്. പശ്ചിമ പസിഫിക്കിലുള്ള പല പ്രദേശങ്ങളിലും പട്ടികയിലുള്ള മരുന്നുകൾക്ക് ചിലപ്പോള്‍ അംഗീകാരം ഉണ്ടായിരിക്കാം. കൂടാതെ അനൗപചാരിക വിപണിയിലൂടെയും സിറപ്പുകൾ വിൽക്കുന്നുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. അതുകൊണ്ട് തന്നെ ഉത്പ്പന്നങ്ങൾ ബാധിക്കാൻ സാധ്യതയുള്ള രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വിതരണ ശൃംഖലകളിൽ കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.
നിയന്ത്രിത വിധേയമല്ലാത്ത അനൗപചാരിക വിപണിയുടെ നിരീക്ഷണം വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. നിലവാരമില്ലാത്ത ഈ സിറപ്പുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ അറിയിക്കണമെന്നും ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു. കൂടാതെ, ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽ പെട്ടാൽ ഹെൽത്ത് കെയർ പ്രൊഫഷണലുകൾ ദേശീയ റെഗുലേറ്ററി അതോറിറ്റിയിൽ റിപ്പോർട്ട് ചെയ്യണം. മരുന്ന് നിർമാതാക്കൾ ഇതുവരെയും റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
അടുത്തിടെ, ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികൾ നിർമ്മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഫെബ്രുവരിയിൽ, യുഎസിൽ മരുന്നുപയോഗിച്ചവരിൽ കാഴ്ചക്കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ അവരുടെ തുള്ളി മരുന്നുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നടന്ന കുട്ടികളുടെ മരണത്തിലും ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്ക് ബന്ധമുണ്ടായിരുന്നു.
World Health Organisation has issued 'WHO Medical Product Alert' after "Substandard (contaminated)" Guaifenesin Syrup TG Syrup was found in the Marshall Islands and Micronesia.
— ANI (@ANI) April 26, 2023
The manufacturer of the affected product is QP Pharma Chem Limited in Punjab, India. The marketer of… pic.twitter.com/7IdSpmSo9J
Content Highlights: Use of Indian-made cough syrup can cause serious health problems; World Health Organization with warning
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !