ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കായികമന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായി. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മുൻ എക്സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുമായ എ.എസ് അജയകുമാറിനെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു. കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. മിലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി. നന്ദകുമാർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, ഡോ. പീയൂസ് നമ്പൂതിരിപ്പാട് , കാടാമ്പുഴ ദേവസ്വം മാനേജർ എൻ വി മുരളീധരൻ എന്നിവർ സംസാരിച്ചു.
കാടാമ്പുഴ ദേവസ്വം വർഷങ്ങളായി തുടരുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ ഡയാലിസിസ് കേന്ദ്രവും ആശുപത്രിയും. 1988 മുതൽ പ്രവർത്തിക്കുന്ന ധർമാശുപത്രിയുടെ തുടർച്ചയായാണ് നിർധനരായ വൃക്കരോഗബാധിതർക്ക് പ്രയോജനപ്പെടുന്ന സൗജന്യചികിത്സാകേന്ദ്രം ആരംഭിച്ചത്. ഭാവിയിൽ നെഫ്രോളജി വിഭാഗത്തിന് പ്രാധാന്യംനൽകുന്ന ആശുപത്രിയും ഗവേഷണകേന്ദ്രവുമായി കേന്ദ്രത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വൃക്കയുടെ രൂപത്തിൽ പണിത 10,000 ചതുരശ്രയടിയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. 25 ഡയാലിസ് യന്ത്രങ്ങൾ ഇവിടെയുണ്ടാവും. 10 എണ്ണം പ്രവർത്തന സജ്ജമാണ്. 15 എണ്ണം കൂടെ ഉടൻ സ്ഥാപിക്കും.
കാടാമ്പുഴ ക്ഷേത്രത്തിന്റെ പ്രവർത്തനം നാടിന് ഗുണം ചെയ്യും :മുഖ്യമന്ത്രി
ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ കീഴിൽ തുടക്കം കുറിച്ച ഡയാലിസിസ് സെന്റർ നാടിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാടാമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള ചാരിറ്റബിൾ ആശുപത്രിയുടെയും ചികിത്സാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ളവർക്കാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുക. കാടാമ്പുഴ ക്ഷേത്രത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. അവയവമാറ്റം അടക്കമുള്ള ചികിത്സക്ക് ഇന്നത്തെ കാലത്ത് വലിയ ചെലവ് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കോഴിക്കോട് അവയവ മാറ്റത്തിനുള്ള സ്ഥാപനം തുടങ്ങാൻ സർക്കാർ തീരുമാനിച്ചു.
അതിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധിക്കുന്ന രീതിയിലാവും സ്ഥാപനത്തിന്റെ പ്രവർത്തനം. എല്ലാ അവയവമാറ്റത്തിനും ഇവിടെ സൗകര്യമുണ്ടാവും. ദേശീയ തലത്തിൽ പ്രശസ്തി നേടിയവർ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: The Chief Minister dedicated the Kadampuzha Devaswom Dialysis Center to Nadu
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !