പൊടിയും മാറാലയും പിടിച്ച് നോട്ടുകെട്ടുകള്‍; ഇത്രയധികം തുക വിജിലന്‍സ് പിടിക്കുന്നത് ഇതാദ്യം
പാലക്കാട്: 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലൻസ് സംഘം അക്ഷരാര്‍ഥത്തില്‍ ഞെട്ടി.
ചെറിയ മുറിയുടെ പലയിടങ്ങളിലായി കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലും നിറയെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. ഇവ എണ്ണി തിട്ടപ്പെടുത്താൻ തന്നെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളെടുത്തു. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണു പൂര്‍ത്തിയായത്.
പല കവറുകളും പൊടിയും മാറാലയും പിടിച്ചാണ് ഇരുന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അത്രത്തോളം പഴക്കം നോട്ടുകള്‍ക്ക് ഉണ്ട്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് സംഘം അറിയിച്ചത്. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന മാത്രമാണു പൂര്‍ത്തിയാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും വിജിലൻസ് സംഘം അറിയിക്കുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു. കണ്ടെടുത്തതെല്ലാം കൈക്കൂലി പണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ ആരുടെയെങ്കിലും ബെനാമിയാണോ സുരേഷ് എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാര്‍ ഏതാണ്ട് 17 വര്‍ഷത്തോളമായി പാലക്കാട് മണ്ണാര്‍കാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളില്‍ ജോലി ചെയ്തുവരികയായിരുന്നു. കേരളത്തില്‍ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നും പിടികൂടുന്ന വലിയ സംഖ്യയാണ് ഇതെന്നാണ് വിജിലൻസ് അറിയിക്കുന്നത്.
Content Highlights: Knots holding dust and dust; This is the first time that Vigilance has seized such a large amount
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.