വി.ഐ (വോഡാഫോൺ-ഐഡിയ) കമ്പനി ഈടാക്കിയ 2,34,244 രൂപയുടെ ബില്ല് അനധികൃതമാണെന്ന് കണ്ടെത്തി ഉപഭോക്താവിന് നഷ്ടപരിഹാരമായി 50,000 രൂപ നൽകാൻ ജില്ലാ ഉപഭോകതൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണ സ്വദേശി നാലകത്ത് അബ്ദുൾ റഷീദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരൻ 19 വർഷമായി സ്വന്തം ആവശ്യത്തിനും സ്ഥാപനത്തിന്റെ ആവശ്യത്തിനുമായി ഉപയോഗിച്ചുവരുന്നതായിരുന്നു കണക്‍ഷന്‍. ഇടക്ക് വിദേശത്ത് പോകേണ്ടി വരുമ്പോഴെല്ലാം ബന്ധപ്പെട്ട രാജ്യത്തേക്കുള്ള റോമിങ് പാക്കേജ് ഉപയോഗപ്പെടുത്തിയാണ് യാത്ര ചെയ്യാറുണ്ടായിരുന്നത്. 2018 നവംബറിൽ മൗറീഷ്യസിലേക്കുള്ള യാത്രയുടെ ഭാഗമായി 2,999 രൂപയുടെ ഏഴ് ദിവസത്തേക്കുള്ള പാക്കേജ് ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചുവന്ന യാത്രക്കാരന് 2,34,244 രൂപയുടെ ബില്ലാണ് കമ്പനി നൽകിയത്. പരാതിക്കാരൻ ഉപയോഗിച്ച പാക്കേജിൽ മൗറീഷ്യസ് ഉൾപ്പെടില്ലെന്നും തെറ്റായ പാക്കേജ് ഉപയോഗിച്ചത് പരാതിക്കാരന്റെ തന്നെ വീഴ്ചയാണെന്നും ഇതു സംബന്ധിച്ച ബ്രോഷറിൽ മൗറീഷ്യസ് ഇല്ലെന്നുമാണ് മൊബൈൽ കമ്പനി ബോധിപ്പിച്ചത്. എന്നാൽ പാക്കേജ് സംബന്ധമായി ഇന്റർനെറ്റിൽ വന്ന പരസ്യത്തിൽ മൗറീഷ്യസ് ഉൾപ്പെടുന്നുവെന്ന് രേഖാമൂലം പരാതിക്കാരൻ ബോധിപ്പിച്ചു. മാത്രമല്ല ഡാറ്റാ ഉപയോഗം പരിധിയിൽ കവിയുമ്പോൾ ഉപഭോക്താവിനെ എസ്.എം.എസ് വഴിയോ യു.എസ്.എസ്.ഡി വഴിയോ അറിയിക്കണമെന്ന് ടെലകോം റഗുലേറ്ററി അതോറിറ്റി വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് ബില്ല് റദ്ദാക്കുന്നതിനും പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മീഷൻ വിധിച്ചത്. കോടതി ചെലവായി 10,000 രൂപയും നൽകണം. ഒരു മാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി സംഖ്യയിന്മേൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Content Highlights: Rs 2.34 lakh illegal bill: Vodafone-Idea to pay Rs 50,000 loss compensation, Consumer Commission verdict
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !