കണ്ണൂര്‍: തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
എ ബി സി പദ്ധതിയുടെ നടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാര്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.
'സ്‌കൂള്‍ തുറന്ന് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന സാഹചര്യമാണ്. ഇക്കാര്യത്തില്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കമ്മീഷന്‍ പരിശോധിക്കും. കമ്മീഷന്റെ അധികാര പരിധിയില്‍ നിന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യും. നിലവില്‍ കേസെടുത്തിട്ടുണ്ട്. കുട്ടികളെ നായ്ക്കള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ കൂടി കമ്മീഷന്റെ മുന്നിലുണ്ട്. നിലവില്‍ ഇപ്പോള്‍ സുപ്രീം കോടതി മുമ്ബാകെ പെന്‍ഡിംഗ് ഉള്ള കേസില്‍ ബാലാവകാശ കമ്മീഷന്‍ കൂടെ കക്ഷി ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.
ഞങ്ങളുടെ ആഗ്രഹം കുട്ടികളുടെ സംരക്ഷണമാണ്, പട്ടികളുടെ സംരക്ഷണമല്ല. കുട്ടികളാണ് സംരക്ഷിക്കപ്പെടേണ്ടത്. പൊതുജനങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. ആ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കമ്മീഷന്റെ അധികാര പരിധിയില്‍ നിന്നു കൊണ്ട് ശ്രമിക്കും.' ബാലാവകാശ കമ്മീഷന്‍ ചെയര്‍മാര്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.
മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയില്‍ ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. നായ കടിക്കാന്‍ വന്നാല്‍ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചു.
തെരുവ് നായ കുട്ടിയെ കടിച്ചു കൊന്ന ദാരുണ സംഭവത്തില്‍ കോടതി ഇടപെടണമെന്നാണ് കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുന്നോട്ട് വെക്കുന്ന ആവശ്യം. ജനങ്ങളുടെ ജീവനാണ് വില നല്‍കേണ്ടത്. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചിട്ടുണ്ട്.
Content Highlights: Death of Nihal; Child Rights Commission took the case on its own initiative
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !