ദുബായ്: യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്ക് പിന്നാലെ പുറമെ ദുബായിയും വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് അനുവദിച്ചിരുന്ന ഗ്രേസ് കാലാവധി ഒഴിവാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ അനുവദിച്ചിരുന്ന 10 ദിവസത്തെ ഗ്രേസ് കാലാവധിയാണ് ദുബായിയും ഒഴിവാക്കിയത്. മറ്റ് എമിറേറ്റുകള്‍ ഇത് നേരത്തേ എടുത്തുകളഞ്ഞിരുന്നു. പുതിയ തീരുമാനം ഒരാഴ്ച മുമ്പ് തന്നെ നിലവില്‍ വന്നതായും നിലവില്‍ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്കും നിയമം ബാധകമാണെന്നും ട്രാവല്‍ ഏജന്‍സികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതു വരെ പുറത്തുവന്നിട്ടില്ല.
അധിക ദിവസത്തിന് 50 ദിര്‍ഹം വീതം
പുതിയ തീരുമാനം നിലവില്‍ വന്നതോടെ, വിസിറ്റ് വിസയില്‍ ദുബായിലെത്തിയവര്‍ വിസ കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ രാജ്യം വിട്ടിരിക്കണം. അല്ലാത്ത പക്ഷം അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും പിഴ അടക്കേണ്ടി വരും. നേരത്തെ 30, 60 ദിവസത്തെ സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍ക്ക് 10 ദിവസം കൂടി രാജ്യത്ത് പിഴയില്ലാതെ അധികമായി തങ്ങാന്‍ കഴിഞ്ഞിരുന്നു. ദുബായ് ഭരണകൂടം അനുവദിച്ച വിസിറ്റ് വിസയില്‍ ദുബായിലെ വിമാനത്താവളം വഴി വരികയും പോവുകയും ചെയ്യുന്നവര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭ്യമായിരുന്നത്. ഈ ഇളവാണ് ഇപ്പോള്‍ ദുബായ് അധികൃതര്‍ ഒഴിവാക്കിയിരിക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. വിസ കാലാവധി അവസാനിച്ച ശേഷം അധികമായിതങ്ങുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും. ഇതിന് പുറമെ 320 ദിര്‍ഹം പ്രൊസസിംഗ് ഫീസും അടക്കണം. ഇതുപ്രകാരം 30 ദിവസത്തെ വിസയെടുത്ത് വന്നയാള്‍ 10 ദിവസം അധികം തങ്ങിയാല്‍ 820 ദിര്‍ഹം നല്‍കേണ്ടി വരും.
പിഴ അടയ്ക്കാതെ നാട്ടിലേക്ക് മടങ്ങാനാവില്ല
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), ജിഡിആര്‍എഫ്എ എന്നിവയില്‍ നിന്നുള്ള കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളും ഗ്രേസ് കാലാവധി നിര്‍ത്തലാക്കിയ കാര്യം ശരിവച്ചിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം, ഒരു സന്ദര്‍ശകന്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍, അത് ഡിഫോള്‍ട്ടായി സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്യപ്പെടും. 30 ദിവസത്തെയും 60 ദിവസത്തെയും സന്ദര്‍ശന വിസകളില്‍ വരുന്നവര്‍ ഈ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അതിനു ശേഷമുള്ള ദിവസങ്ങളില്‍ അവരുടെ മേല്‍ ഓട്ടോമാറ്റിക്കായി പിഴ വരുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. ഇവര്‍ നാട്ടിലേക്ക് തിരിച്ചു പോവാന്‍ വിമാനത്താവളത്തിലെത്തിയാല്‍ പിഴ അടയ്ക്കാന്‍ നിര്‍ബന്ധിതരാവുന്ന രീതിയിലാണ് കാര്യങ്ങളെന്നും ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു.
Content Highlights: Dubai waives visit visa grace period; Penalty if you do not leave the country immediately after the visa expires
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !