മാറാക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടു കര്യസ്തതക്കും അഴിമതിക്കും എതിരെ സിപിഐഎം മാറാക്കര ലോക്കൽ കമ്മിറ്റി സമരത്തിലേക്ക് നീങ്ങുകയാണന്ന് സി.പി.ഐ.(എം) നേതാക്കൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭരണത്തിലേറി മൂന്നുവർഷത്തിലേക്ക് കടക്കുന്ന മാറാക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി ഭരണരംഗത്ത് വൻ പരാജയമാണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് സഹായകരമാകാൻ കുറ്റിപ്പുറം എംഎൽഎയായിരുന്ന ഡോക്ടർ കെ.ടി ജലീൽ തൻറെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി പഞ്ചായത്തിന് നിർമിച്ചു നൽകിയ ബസ് സ്റ്റാൻഡിലെ കംഫർ സ്റ്റേഷൻ കൃത്യമായി പ്രവർത്തിക്കുന്നില്ല. പ്രസ്തുത കംഫർ സ്റ്റേഷൻ എന്ന് നാഥനില്ല കളരിയായി മാറിക്കൊണ്ടിരിക്കുന്നു. കംഫർ സ്റ്റേഷൻ കൊണ്ടുവന്ന ഡോക്ടർ കെ ടി ജലീലിന്റെ പേര് നീക്കം ചെയ്യുക എന്ന കർമ്മമാണ് ഇതുമായി ബന്ധപ്പെട്ട് ഭരണസമിതി ഇതുവരെ എടുത്തിട്ടുള്ളത്. സ്റ്റേഷൻ അടഞ്ഞു കിടക്കുന്ന മൂലം ബസ്റ്റാൻ്റും പരിസരവും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ശുചിത്വ ഫണ്ടും മറ്റു ഉപയോഗപ്പെടുത്തി ഒരു കോടിയോളം രൂപ ചെലവഴിച്ചു നിർമ്മിച്ച പഞ്ചായത്തിലെ പൊതു ശ്മശാനം നിർമ്മാണം പൂർത്തീകരിച്ച് വർഷങ്ങളായിട്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. നിർമ്മാണം പൂർത്തീകരിച്ച് സ്ഥാപിച്ച പൊതുശ്മശാനവുമായി ബന്ധപ്പെട്ട മിഷനറികളും മറ്റു സാധനസാമഗ്രികളും തുരുമ്പിച്ചു നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. പല യന്ത്രസാമഗ്രികളുടെയും ഗ്യാരണ്ടി പിരീഡ് പോലും കഴിഞ്ഞ സാഹചര്യമാണ് ഉള്ളത്. മാറാക്കരയിലെ പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാത്ത സെക്രട്ടറിയെ ബലിയാടാക്കി സ്വന്തം ഭരണരംഗത്തെ വീഴ്ച മറച്ചുവെക്കാനുള്ള നടപടികളുമായാണ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ നൽകിയ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന ബയോബിൻ പദ്ധതിയിൽ വൻ അഴിമതിയാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയത്. ഐആർടിസി അടക്കമുള്ള നിലവാരം ഉള്ള കമ്പനികൾ ബയോബിൻ പദ്ധതി നടപ്പാക്കുന്നതിനായി ടെൻഡർ നൽകിയിട്ടും ഏറ്റവും വലിയ സംഖ്യ കോട്ട് ചെയ്ത റാം ബയോളജിക്കൽ എന്ന പേരിലുള്ള തട്ടിക്കൂട്ട് കമ്പനിക്ക് ബയോബിൻ പദ്ധതി നടപ്പാക്കാനുള്ള അനുമതി നൽകാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഈ വിഷയത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയെങ്കിലും അതൊന്നും തന്നെ ഗൗനിക്കാതെയാണ് ഭരണസമിതി മുന്നോട്ടുപോയത്. നിർവഹണ ഉദ്യോഗസ്ഥനായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി യും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും പഞ്ചായത്ത് ഭരണസമിതിയെടുത്ത തെറ്റായ ഈ തീരുമാനത്തിൽ തങ്ങളുടെ വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട് അഴിമതിക്ക് കുടപിടിക്കുന്ന നിലപാടുകളുമായാണ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു പോകുന്നത്. ഈ വിഷയത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഭരണസമിതിക്ക് ആവശ്യമായ സഹായം നൽകുന്നില്ല എന്നതാണ് പഞ്ചായത്ത് സെക്രട്ടറിയെ പൊതുജനമധ്യത്തിൽ വില്ലനാക്കി ചിത്രീകരിച്ച് പഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് റാം ബയോളജിക്കൽ എന്ന സ്ഥാപനത്തിൻറെ മുതലാളിയെ ഉപയോഗപ്പെടുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് നടപ്പാക്കിയ എല്ലാ പദ്ധതികൾക്കും കൃത്യമായ ബില്ലും മറ്റും പാസാക്കി നൽകാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്ല ഇടപെടൽ നടത്തിയിട്ടുണ്ട് എന്ന കാര്യം വസ്തുതയാണ്.
മാഫിയ ഭരണമാണ് ഗ്രാമപഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന് അകത്തുപോലും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ അതൊന്നും തന്നെ വകവയ്ക്കാതെ ഏതാനും വ്യക്തികളിൽ കേന്ദ്രീകരിച്ചാണ് പഞ്ചായത്ത് ഭരണം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ മറവിൽ വൻ സംഖ്യയാണ് ഓരോ വർഷവും കോഴയായി വിവിധ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന കോൺട്രാക്ടർമാരിൽ നിന്നും മറ്റും കൈപ്പറ്റി കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്റ്റേഡിയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ മാറാക്കര ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് മറവിൽ കോടികളുടെ അഴിമതി നടത്താനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചത്. ആശ്രമത്തെ ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ തന്നെ ചെറുത്തുതോൽപ്പിച്ചത് കൊണ്ട് അഴിമതി നിറഞ്ഞ പദ്ധതിയിൽ നിന്നും ഭരണസമിതി പിന്മാറേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ അതിനു ശേഷം ചെറിയ സംഖ്യക്ക് സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്ന് പറഞ്ഞു ആളുകൾ അപേക്ഷ നൽകിയെങ്കിലും അഴിമതി നടത്താൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ ഭരണസമിതി സ്റ്റേഡിയം നിർമ്മിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. പഞ്ചായത്തിൽ സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കാൻ തയ്യാറാവാതിരുന്ന ഭരണസമിതി എ സി നിരപ്പിൽ അർദ്ധസർക്കാർ സ്ഥാപനം നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ കാണിച്ച ഉത്സാഹം മാറാക്കരയിലെ യുവതയോടുള്ള വെല്ലുവിളിയാണ്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന നിരവധി വൃദ്ധരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപഞ്ചായത്തിൽ അവർക്ക് ആവശ്യമായ പകൽവീട് പോലുള്ള സംവിധാനങ്ങൾ പോലും ഒരുക്കാൻ പഞ്ചായത്ത് ഭരണസമിതി ഇതുവരെയും തയ്യാറായിട്ടില്ല.
ഗ്രാമപഞ്ചായത്തിൽ തനതായ ഒരു പദ്ധതി നടപ്പാക്കാൻ പോലും പഞ്ചായത്ത് ഭരണസമിതി ഇതുവരെയും തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ട് ഓഹരി വെച്ച് എടുത്ത് ആ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തികൾ നടത്തുന്ന ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി പഞ്ചായത്ത് ഭരണം ഒരു ആഡംബരമായി കൊണ്ടുനടക്കുന്ന രീതിയാണ് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി തുടർന്നുപോകുന്നത്.
ഈ വിഷയത്തിൽ മാറാക്കരയിലെ ജനത രംഗത്ത് വരണമെന്നും പഞ്ചായത്തിനെതിരെ സിപിഐഎം നടത്തുന്ന സമരപരിപാടികൾക്ക് ആവശ്യമായ പിന്തുണ നൽകണമെന്നും സിപിഐഎം മാറാക്കര ലോക്കൽ കമ്മിറ്റി അഭ്യർത്ഥിച്ചു.
വാർത്താ സമ്മേളനത്തിൽ സിപിഐ (എം) ലോക്കൽ സെക്രട്ടറി പി പി മൊയ്തീൻകുട്ടി, ഏരിയ കമ്മിറ്റി അംഗം കെ പി നാരായണൻ, പ്രതിപക്ഷ മെമ്പർമാരായ റഷീദ് പാറമ്മൽ, അനീസ് കരിങ്കപ്പാറ എന്നിവർ പങ്കെടുത്തു.
Content Highlights: Left wing members say that Marakara Panchayat Administrative Committee is part of corruption...
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !