'ഏക വ്യക്തിനിയമം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും'; പ്രധാനമന്ത്രിക്ക് നിവേദനം നൽകി കാന്തപുരം

0

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നിയമ കമ്മീഷനും നിവേദനം നൽകി കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഏകീകൃത സിവിൽ കോഡ് വഴിവെക്കുമെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നും ആവശ്യപ്പെട്ടാണ് കാന്തപുരം നിവേദനം നൽകിയത്.

സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ നിലനിൽക്കെ തന്നെയാണ് ഇന്ത്യ ഇന്ന് കാണുന്ന പ്രതാപവും വികസനവും കൈവരിച്ചതെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു. രാജ്യ പുരോഗതിയെ ഈ വൈവിധ്യങ്ങൾ ഹനിക്കുന്നില്ലെന്നും മതേതര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും കത്തിൽ സൂചിപ്പിച്ചു. ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ബഹുസ്വര സമൂഹത്തിന് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നിഷേധമാണ് അതെന്നും നേരത്തെ കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.

മതേതര ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഭൂരിപക്ഷങ്ങളുടേതിന് തുല്യമായി പരിഗണിക്കപ്പെടണമെന്ന് കാന്തപുരം കത്തിൽ ചൂണ്ടിക്കാട്ടി. ബഹുസംസ്കാരവും വൈവിധ്യവുമാണ് ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രധാന സവിശേഷത. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന വിശ്വാസങ്ങൾ, ആചാരങ്ങൾ, ജനന-മരണ-വിവാഹ കർമങ്ങൾ, അനന്തരാവാകാശ നിയമങ്ങൾ എന്നിവയെല്ലാം ഏറെ വ്യത്യസ്തമാണ്. ഈ സാംസ്കാരിക വൈവിധ്യം നിലനിൽക്കെ തന്നെയാണ് ഇന്ത്യ വളർന്നതും ലോക രാജ്യങ്ങൾക്കിടയിൽ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയതും. നമ്മുടെ രാജ്യത്തെ പൗരന്മാർ പിന്തുടരുന്ന സംസ്കാരങ്ങളും വിശ്വാസങ്ങളും ഏതെങ്കിലും ലക്ഷ്യം നേടുന്നതിനോ ശാസ്ത്ര സാങ്കേതിക പുരോഗതി നേടുന്നതിനോ തടസ്സം നിൽക്കുന്നില്ല.

ഇന്ന് നാം കാണുന്ന ഇന്ത്യൻ സംസ്കാരം എല്ലാ വിഭാഗങ്ങളുടെയും തനത് മൂല്യങ്ങളിൽ നിന്ന് ഉരുതിരിഞ്ഞ് വന്നതാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങൾ അറിഞ്ഞുതന്നെയാണ് ഭരണഘടനാ നിർമാതാക്കൾ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങളും മതാചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്ന വിധം മൗലികാവകാശങ്ങൾ ചിട്ടപ്പെടുത്തിയത്. അത്തരം അവകാശങ്ങളിലേക്ക് നുഴഞ്ഞു കയറുന്ന വിധം നിയമനിർമാണങ്ങൾ ഉണ്ടാവുന്നത് ആശങ്കാജനകമാണ്. വിശ്വാസികളുടെ രീതികളും ചര്യകളും തനത് രൂപത്തിൽ തന്നെ പിന്തുടരാനുള്ള അവകാശം എക്കാലത്തും നിലനിൽക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് കൂടുതൽ സൗന്ദര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഓരോ മതവിശ്വാസികളും പവിത്രമായി കാണുന്ന പാരമ്പര്യ രീതികൾ പിന്തുടരാൻ അവകാശമുണ്ടാവണം, കാന്തപുരം അബൂബക്കർ മുസ്‌ല്യാർ ആവശ്യപ്പെട്ടു.

വ്യക്തിനിയമങ്ങളിൽ പോരായ്മകളോ മറ്റോ സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടെങ്കിൽ അതത് മത നേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണാൻ ശ്രമിക്കാവുന്നതാണ്. അതല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളെ സമൂഹത്തിന് മുന്നിൽ ചർച്ചക്കിടുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. വിവിധ ഗോത്ര വിഭാഗങ്ങൾ ഏകീകൃത സിവിൽ കോഡിൽ ആശങ്ക അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഇത്തരം വിഭാഗങ്ങളുടെ ആശങ്കകൾ മുന്നിൽകണ്ട് നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Content Highlights: 'Single personal law will create insecurity in the country'; Kanthapuram submitted a petition to the Prime Minister
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !