അബുദബി: അന്തരിച്ച അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനുമായ ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് വിട നൽകി യുഎഇ. അബുദാബിയിലെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് മസ്ജിദില്‍ നടന്ന സംസ്‌കാര പ്രാര്‍ഥനക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് നേതൃത്വം നല്‍കി. തുടര്‍ന്ന് അല്‍ ബത്തീന്‍ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
ഇന്ന് പുലര്‍ച്ചെയോടെയാണ് അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചത്. സഹോദരന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ദേശീയ പതാകകള്‍ പകുതി താഴ്ത്തികെട്ടി. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ലോക നേതാക്കളും ഷെയ്ഖ് സാഈദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പാകിസ്ഥാന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഷ്, ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി എന്നിവര്‍ സമൂഹ മാധ്യമമായ എക്സിലൂടെ അനുശോചനം പങ്കുവച്ചു. ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍സെയദ്, ബെഹ്റൈന്‍ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ തുടങ്ങി നിരവധി രാഷ്ട തലവന്‍മാര്‍ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അനുശോചനം അറിയിച്ചു.
2010ലാണ് അബുദബി ഭരണാധികാരിയുടെ പ്രതിനിധിയായി ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിതനായത്. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ആസൂത്രണ വകുപ്പ് അണ്ടര്‍ സെക്രട്ടറി, മാരിടൈം പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍, യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി വിവിധ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Content Highlights: UAE bids farewell to Sheikh Saeed bin Zayed Al Nahyan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !