ആലുവയിലെ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അടുത്ത രണ്ട് ദിവസം പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഡി ഐജി എ.ശ്രീനിവാസ്.
കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയുടെ മുൻകാല ക്രിമിനല്‍ പശ്ചാത്തലവും വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇതിനായി പൊലീസ് സംഘം ബിഹാറിലേക്ക് അടക്കം പോയി വിവരങ്ങള്‍ ശേഖരിക്കുമെന്നും വ്യക്തമാക്കി. പ്രതി ബിഹാറുകാരനാണെന്നാണ് നിലവില്‍ പൊലീസ് സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം. എന്നാല്‍ ഇയാളുടെ പൗരത്വം സംബന്ധിച്ചടക്കം കാര്യങ്ങള്‍ വിശദമായ പരിശോധിക്കാനാണ് തീരുമാനമെന്ന് ഡിഐജി പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ അസ്‌ഫാക് ആലം മുൻപും പിടിയിലായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2018 ല്‍ ദില്ലി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസില്‍ ഇയാള്‍ റിമാന്റില്‍ കഴിഞ്ഞിരുന്നു. ഒരു മാസം ജയിലില്‍ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിലെത്തിയ ഇയാള്‍ മൊബൈല്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ്. മൊബൈലുകള്‍ മോഷ്ടിച്ച് വിറ്റ് ആ പണം കൊണ്ട് മദ്യപിക്കുന്നയാളാണ് ഇയാള്‍.
പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് പൂര്‍ത്തിയായി. ആലുവ മാര്‍ക്കറ്റിലെ തൊഴിലാളി താജുദ്ദീൻ, കുട്ടിയുമായി സഞ്ചരിച്ച കെഎസ്‌ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ സന്തോഷ്, യാത്രക്കാരി സ്സ്മിത അടക്കമുള്ളവരാണ് ആലുവ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ എറണാകുളം പോക്സോ കോടതി അസ്‌ഫാക് ആലത്തെ ചോദ്യം ചെയ്യലിനായി പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: ആലുവയിലെ കൊലപാതകം: പ്രതിയുടെ പൗരത്വമടക്കം അന്വേഷിക്കും; പൊലീസ് ബിഹാറിലേക്ക്
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !