കേരളീയം 2023 എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജാതീയതയുടേയും ജന്മിത്വത്തിന്റേയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന് ലോകം അറിയേണ്ടതുണ്ട്. മതവര്‍ഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയേണ്ടതുണ്ട്. സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ അതേറ്റെടുത്ത് വിജയിപ്പിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും.കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്റെ സുപ്രധാന ഘടകമായ സെമിനാറുകള്‍ നവംബര്‍ രണ്ട് മുതല്‍ ആറു വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.
നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. കേരളത്തിന്റെ കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ പുരോഗതിയും ഭാവി ലക്ഷ്യങ്ങളും ഈ സെമിനാറുകളില്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ കൃഷി സംബന്ധമായ സെമിനാറില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള കാവോ ഡുക് പാറ്റ് (ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍), ക്രിസ് ജാക്‌സണ്‍ (ലോകബാങ്കിലെ മുതിര്‍ന്ന കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കേരളത്തിലെ ലിംഗനീതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും, കേരളത്തിലെ ഭൂപരിഷ്‌കരണം, മത്സ്യമേഖല, തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, വിദ്യാഭ്യാസരംഗം തുടങ്ങിയ വിഷയങ്ങളും സെമിനാറുകളിലുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സിംഗപ്പുരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിന്‍ ജെഫ്രി, യു.എസിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി, ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്‌ളിക് അഫയേഴ്‌സ് വിഭാഗം പ്രൊഫസറായ പാട്രിക് ഹെല്ലര്‍ എന്നിവര്‍ സംസാരിക്കും.
ആരോഗ്യ രംഗത്തെ പുരോഗതികളും കേരളം മഹാമാരിയെ നേരിട്ടതെങ്ങനെ എന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ സെമിനാറുകളില്‍ ബോസ്റ്റണിലെ ഹാവാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ രാജ്യാന്തര ആരോഗ്യവിഭാഗത്തിലെ റിച്ചാര്‍ഡ് എ കാഷ്, എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെന്നൈ ചെയര്‍പേഴ്‌സണ്‍ ഡോ സൗമ്യ സ്വാമിനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഐ ടി മേഖലയെ പറ്റിയുള്ള സെമിനാറില്‍ തമിഴ്‌നാട് ഐ ടി മിനിസ്റ്റര്‍ ഡോ പളനിവേല്‍ തങ്കരാജനും പങ്കെടുക്കും.
പ്രവാസി സമൂഹത്തെക്കുറിച്ച് ലോകബാങ്കിലെ മുതിര്‍ന്ന സാമ്പത്തികവിദഗ്ധന്‍ ദിലീപ് റാത്ത, ഖത്തറിലെ ഖലീഫ സര്‍വകലാശാലയിലെ മൈഗ്രേഷന്‍ എത്തിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. രാജൈ ആര്‍. ജുറൈദിനി എന്നിവര്‍ സംസാരിക്കും.
ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ രീതികള്‍ സംയോജിപ്പിച്ചു നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ-അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഇവര്‍ക്കാവശ്യമായ അനുമതികള്‍ ലഭിച്ചിട്ടുണ്ട്.
വേദികള്‍ ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിക്കുതിനൊപ്പം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകും സെമിനാറുകള്‍ നടത്തുക . എല്ലാ സെമിനാറുകളും ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനൊപ്പം ആംഗ്യ ഭാഷയില്‍ തര്‍ജ്ജമയും ചെയ്യുന്നതാണ്. കേരളീയം വെബ്‌സൈറ്റില്‍ സെമിനാറുകള്‍ സംബന്ധിച്ച തിയതി, സമയം, വേദി ,വിഷയം, പ്രഭാഷകരുടെ വിവരങ്ങള്‍, ഓരോ സെമിനാറിന്റെയും കോണ്‍സെപ്റ്റ് നോട്ടുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാണ്.
കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവല്‍ക്കരിക്കുന്ന 25 പ്രദര്‍ശനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലൂടെ നടപ്പാക്കിവരുന്നതും കേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക് കാരണമായിട്ടുള്ളതുമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 8 പ്രധാന എക്‌സിബിഷനുകളാണ് ആദ്യഭാഗം. കനകക്കുന്ന്, ടാഗോര്‍ തീയറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ്, അയ്യന്‍കാളി ഹാള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കം എന്നീ വേദികളിലാണ് ഈ എക്‌സിബിഷനുകള്‍ ഒരുങ്ങുന്നത്. കിഫ്ബി, ദുരന്ത നിവാരണ അതോറിറ്റി, ടൂറിസം വകുപ്പ് എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ജല സംരക്ഷണം അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനം, വിവിധ കലാകാരമാര്‍ ഒരുക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ 10 എക്‌സിബിഷനുകളും ഉണ്ടാകും. കേരളത്തിലെ പ്രശസ്തരായ ശില്‍പ്പികള്‍ ഒരുക്കുന്ന 25 ഓളം ഇന്‍സ്റ്റലേഷനുകള്‍ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഉയരും. കൂടാതെ കേരളീയത്തിന്റെ ബ്രാന്‍ഡിംഗ് ഡിസൈന്‍ ഏകോപിപ്പിക്കുന്നതും, കേരളത്തിന്റെ പൊതു സ്മാരകങ്ങള്‍ പ്രദര്‍ശന സങ്കേതങ്ങള്‍ എന്നിവ അന്തര്‍ദേശീയ ധാരയില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ റിയാസ് കോമു തയ്യാറാക്കുന്ന ആര്‍ട്ട് ഡോക്യുമെറ്റേഷനും എക്‌സിബിഷന്റെ ഭാഗമാണ്.
30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും. 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. 8 വേദികളിലായാണ് ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. 425 സംരംഭകരാണ് പങ്കെടുക്കുന്നത്. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ സംരംഭങ്ങളുടെ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. 200 ലധികം ബയേഴ്‌സ് പങ്കെടുക്കും.
മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി, കേരളത്തിന്റെ തനത് രുചികള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ 150 ലധികം സ്റ്റാളുകള്‍ സജ്ജീകരിക്കുന്നു. കൂടാതെ, ഫുഡ് ഷോ, ഫുഡ് ബ്രാന്‍ഡിംഗ്, പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പനയും എന്നിവയുമുണ്ടാകും.
കേരളത്തിന്റെ സ്വന്തമായ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന് ഓരോ വിഭവത്തിന്റെയും ചരിത്രം, നിര്‍മ്മാണ രീതി അടക്കമുള്ള വീഡിയോ പ്രദര്‍ശനം സ്റ്റാളുകളില്‍ ഉണ്‍ണ്ടാകും.
യൂണിവേഴ്‌സിറ്റി കോളേജ് മുതല്‍ വാന്റോസ് ജംക്ഷന്‍ വരെ ഒരുക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ ഈ ഏഴ് ദിവസം നൈറ്റ് ലൈഫിന്റെ കൂടി ഭാഗമാകും. ഫുഡ് ഫെസ്റ്റിവലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്നത് ദേശീയ അന്തര്‍ദേശീയ തലത്തിലും കേരളത്തിലും പ്രശസ്തരായ ഫുഡ് വ്‌ളോഗേഴ്‌സ് ആണ്.
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും.
പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക്കാഴ്ചകളാല്‍ കനകക്കുന്നില്‍ വിവിധ സെല്‍ഫി പോയിന്റുകളും ഉണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ കോര്‍ത്തിണക്കിയ ഇന്‍സ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെല്‍ഫി പോയിന്റാണ് ഇതിലൊന്ന്. ടാഗോര്‍ തിയറ്ററില്‍ മൂണ്‍ ലൈറ്റുകള്‍ നിലാനടത്തത്തിന് വഴിയൊരുക്കും. മ്യൂസിയത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും. നിര്‍മാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടറിയേറ്റിലെ ദീപാലങ്കാരം.
ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും പബ്‌ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വര്‍ധിപ്പിച്ച് പുനരുദ്ധരിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദര്‍ശനം മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.
ആറുവേദികളിലായി പുഷ്‌പോത്സവം സംഘടിപ്പിക്കും. പുത്തരിക്കണ്ടണ്‍ം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്‍ണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലാണ് പുഷ്‌പോത്സവം.
നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളില്‍ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇന്‍സ്റ്റലേഷനുകളും ഉണ്‍ണ്ടാകും.
ഭൂപ്രകൃതി, കാലാവസ്ഥ, മഴയുടെ ലഭ്യത തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങളില്‍ ധാരാളം സവിശേഷതകളുള്ള സംസ്ഥാനമാണ് കേരളം. ഭൂവിനിയോഗത്തിലുണ്‍ണ്ടായ മാറ്റമുള്‍പ്പെടെ മനുഷ്യ ഇടപെടലുകള്‍ നിമിത്തം ജലലഭ്യതയില്‍ വന്‍തോതില്‍ വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തില്‍ ജലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വസ്തുത മുന്‍നിര്‍ത്തിയാണ് കേരളീയം 2023 ല്‍ ജലസംരക്ഷണവും ജലസുരക്ഷയും ഒരു പ്രധാന വിഷയമാക്കിയത്. ജലമേഖലയില്‍ നടത്തി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും വിശകലനവും എന്നതിനു പുറമെ ഭാവി പരിപാടികളുടെ ആസൂത്രണത്തിനുതകുന്ന പഠന പ്രക്രിയയ്ക്കു കൂടി കേരളീയം 2023 വേദിയാവുകയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ 4 സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍, 250 ലേറെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 400 ലധികം സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.
പ്രധാനവേദികളില്‍ ആരോഗ്യവകുപ്പിന്റെയും, ഫയര്‍ ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയും, ആംബുലന്‍സിന്റെയും സേവനം വിവിധ ഭാഗങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസിന്റെയും സിറ്റി ഷാഡോടീമിന്റെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള റോഡുകള്‍/ഇടറോഡുകള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കി.
കനകക്കുന്നിലും, പുത്തരിക്കണ്‍ണ്ടത്തും 2 സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. പത്ത് എയ്ഡ് പോസ്റ്റ്/സബ് കണ്‍ട്രോള്‍ റൂം കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.
കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ്‌സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച്‌സോണായും, മറ്റു ഭാഗങ്ങളെ ഗ്രീന്‍സോണായും തരം തിരിച്ചിട്ടുണ്ട്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ടവരെയുളള റെഡ് സോണില്‍ വൈകുന്നേരം 06 മണി മുതല്‍ 11.00 മണി വരെ വാഹന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാര്‍ക്കിംഗ് അനുവദിക്കില്ല.
പൊതുജനങ്ങള്‍ക്ക് സുഗമമായി വിവിധ വേദികള്‍ സന്ദര്‍ശിക്കുന്നതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ്. റെഡ് സോണുകളില്‍ മറ്റു വാഹനങ്ങള്‍ നിരോധിക്കുന്നതിനും പകരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഇലക്ട്രിക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്‍ണ്ട്. നിശ്ചിത പാര്‍ക്കിംങ് ഏരിയകളില്‍ നിന്നും നിലവിലെ സര്‍വ്വീസുകള്‍ക്കു പുറമെ റെഡ് സോണുമായി ബന്ധിപ്പിക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ ആവശ്യാനുസരണം 10 രൂപാ നിരക്കില്‍ നടത്തുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: Keralayam 2023: More than 300 art programs at thirty venues, 100 films at the film festival; Details….
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !