ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി. ഇന്ന് അപ്പീല്‍ കോടതിയില്‍ നടന്ന വിശദമായ വാദത്തിനു ശേഷമാണ് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്‌ലര്‍ മലയാളിയായ രാഗേഷ് ഗോപകുമാര്‍ എന്നിവരുടെ വധശിക്ഷയില്‍ ഇളവ് വരുത്തി തടവ്ശിക്ഷയായി കുറച്ചത്. വിധി പറയുന്ന സമയത്ത് വിദേശകാര്യ അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും കോടതിയില്‍ സന്നിഹിതരായിരുന്നു.
2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ നാവികരെ ഖത്തർ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നാവികരുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് വിദേശകാര്യ മന്ത്രാലയം അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഖത്തറിനെ സമീപിച്ചതും അപ്പീല്‍ നല്‍കിയതും.
ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് നല്‍കിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം.
ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്‌റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഓഫീസില്‍ നിന്നും വീട്ടില്‍നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അല്‍ ദഹ്റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തര്‍ തിരിച്ചയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പൂര്‍ണേന്ദു തിവാരിയാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയറക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.
പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമൂഹമാധ്യമമായ എക്‌സി(അന്ന് ട്വിറ്റര്‍)ലൂടെയായിരുന്നു ഇവര്‍ സംഭം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. '' 57 ദിവസമായി എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ദോഹയില്‍ അനധികൃത തടങ്കലിലാണ്. ഇവരെ വൈകാതെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു,'' എന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് മീതു ഭാര്‍ഗവ എന്ന അക്കൗണ്ടില്‍ വന്ന ട്വീറ്റ്.
Content Summary: Qatar cancels the death sentence of eight Indian sailors, including a Malayali
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !