രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സംരക്ഷിക്കപ്പെടണം: മന്ത്രി ജി.ആര്‍ അനില്‍

0

ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴി‍ഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയിലാണ്. തുല്യത, സാമൂഹ്യനീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നിങ്ങനെയുള്ള മഹനീയാദർശങ്ങളാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ഈ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം‍ രാജ്യത്തേറ്റവും ഫലപ്രദമായും ആത്മാർത്ഥമായും നിറവേറ്റിയത് കേരളമാണ്. സമഗ്രമായ കാർഷിക ഭൂപരിഷ്കരണം, സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം, സൗജന്യ ചികിത്സാസൗകര്യങ്ങള്‍, ഫലപ്രദമായ അധികാര വികേന്ദ്രീകരണം, സമ്പൂർണ്ണ വൈദ്യുതീകരണം, സമ്പൂർണ്ണസാക്ഷരത, സമ്പൂർണ്ണപാർപ്പിട ഭൂമിലഭ്യത, സമ്പൂർണ്ണ ദാരിദ്ര്യനിർമ്മാർജ്ജനം, കാര്യക്ഷമമായ പൊതുവിതരണശൃംഖല എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ കേരളം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ റിപ്പബ്ലിക്കിന്റെ  അടിസ്ഥാന ഘടനയും മൂല്യങ്ങളും നിലനിർത്താന്‍ കഴിയാത്തപക്ഷം ഈ നേട്ടങ്ങളൊക്കെ പ്രയോജനരഹിതമായിത്തീരുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. 
വൈദേശിക ശക്തികളുടെ അടിമത്തത്തിൽ നിന്നും ഇന്ന് നാം അനുഭവിക്കുന്ന ദേശീയ പരമാധികാരത്തിലേക്കുള്ള പാതകൾ ദേശാഭിമാനികളായ പൂർവ്വികരുടെ ത്യാഗത്തിലും ആത്മബലിയിലും കെട്ടിപ്പടുത്തതാണ്. വൈദേശിക ഭരണത്തോട് ആത്മവീര്യം മാത്രം കൈമുതലാക്കി ഏറ്റുമുട്ടിയവരായിരുന്നു ഏറനാടന്‍ കർഷകരെന്നും മന്ത്രി അനുസ്മരിച്ചു.   

സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് നയിച്ചു. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. പരമേശ്വരന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയല്‍ ഫോഴ്‌സ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 36 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.  ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു. പി. ഉബൈദുല്ല എം.എല്‍.എ, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി തുടങ്ങിയവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.  
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ  വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. 
പ്രഭാതഭേരിയിലും ബാന്റ് ഡിസ്‌പ്ലേയിലും മലപ്പുറം സെന്റ്. ജെമ്മാസ് ജി.എച്ച്.എസ് ഓവറോള്‍ ജേതാക്കളായി. പ്രഭാതഭേരിയില്‍ യു.പി വിഭാഗത്തില്‍ എ.യു.പി.എസ് മലപ്പുറം ഒന്നാം സ്ഥാനവും എ.എം.യു.പി.എസ് മുണ്ടുപറമ്പ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈ സ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ഇസ്ലാഹിയ എ.എം.എച്ച്.എസ്.എസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ഹൈസ് സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ പ്രഭാതഭേരിയില്‍ മലപ്പുറം സെന്റ്. ജെമ്മാസ് ജി.എച്ച്.എസ് ഒന്നാം സ്ഥാനവും മലപ്പുറം ഗവ. ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബാന്റ് ഡിസ്‌പ്ലേയില്‍ സെന്റ്. ജെമ്മാസ് ജി.എച്ച്.എസ് ഒന്നാം സ്ഥാനവും എ.യു.പി.എസ് മലപ്പുറം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പരേഡില്‍ സായുധസേനാ വിഭാഗത്തില്‍ മലബാര്‍ സ്പെഷ്യല്‍ പൊലീസ് ഒന്നാം സ്ഥാനവും ജില്ലാ പോലീസ് പുരുഷ വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നിരായുധസേനാ വിഭാഗത്തില്‍ അഗ്നിരക്ഷാസേന, വനം-വന്യജീവി വകുപ്പ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. സീനിയര്‍ എന്‍.സി.സി ബോയ്‌സില്‍ ഗവ. കോളേജ് മലപ്പുറം ഒന്നാം സ്ഥനവും പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ എന്‍.സി.സി ബോയ്‌സില്‍ മലപ്പുറം ഗവ. ബോയ്‌സ് എച്ച്.എസ്, എം.എസ്.പി എച്ച്.എസ്.എസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ എന്‍.സി.സി ഗേള്‍സിലും സീനിയര്‍ എസ്.പി.സി ഗേള്‍സിലും എം.എസ്.പി എച്ച്.എസ്.സ് ഒന്നാമതായി. എസ്.പി.സി ബോയ്‌സില്‍ എം.എസ്.പി ഇ.എം.എച്ച്.എസ് ഒന്നാമതും എം.എസ്.പി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവുമായി. എസ്.പി.സി ഗേള്‍സില്‍ എം.എസ്.പി എച്ച്.എസ്.എസ്, മങ്കട ജി.വി.എച്ച്.എസ്.എസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ സ്‌കൗട്ട് ബോയ്‌സില്‍ എം.എം.ഇ.ടി എച്ച്.എസ്.എസ് മേല്‍മുറി ഒന്നാം സ്ഥാനവും എം.എസ്.പി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ സ്‌കൗട്ട് ബോയ്‌സില്‍ എ.യു.പി.എസ് മലപ്പുറം ഒന്നാം സ്ഥാനവും മുണ്ടുപറമ്പ എ.എം.യു.പി രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ഗൈഡ്‌സില്‍ മേല്‍മുറി എം.എം.ഇ.ടി എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും സെന്റ്. ജെമ്മാസ് ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ ഗൈഡ്‌സില്‍ എ.യു.പി.എസ് മലപ്പുറം, മുണ്ടുപറമ്പ എ.എം.യു.പി.എസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ റെഡ്‌ക്രോസ് ബോയ്‌സില്‍ എം.എസ്.പി ഇ.എം.എച്ച്.എസ് ഒന്നാം സ്ഥാനവും താനൂര്‍ ജി.ആര്‍.എഫ് ടി.എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ റെഡ്‌ക്രോസ് ഗേള്‍സില്‍ സെന്റ്. ജെമ്മാസ് ജി.എച്ച്.എസ് ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത് രണ്ടാം സ്ഥാനവും നേടി. വ്യാപാര വാണിജ്യ സ്ഥാപന അലങ്കാരത്തില്‍ മലപ്പുറം റോയല്‍ ബിരിയാണി സെന്ററും ഒന്നാം സ്ഥാനം നേടി. ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ ചടങ്ങില്‍ വെച്ച് മന്ത്രി ജി.ആര്‍ അനില്‍ വിതരണം ചെയ്തു.


Content Summary: Country's sovereignty and constitution must be protected: Minister GR Anil

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !