സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഓൺലൈന്‍ വഴിയുള്ള തട്ടിപ്പുകളും വ്യാപകമായിരിക്കുകയാണ്. യുപിഐ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ പുലർത്തേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും വിവരങ്ങളും തട്ടിപ്പുകാരില്‍നിന്ന് എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കാമെന്ന് പരിശോധിക്കാം.
യുപിഐ പിന്‍ പങ്കുവയ്ക്കാതിരിക്കുക
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാനുള്ള മാർഗങ്ങളിലൊന്ന് യുപിഐ പിന്നാണ്. ഇത് മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. എടിഎം പിന്‍ എങ്ങനെ രഹസ്യമായി സൂക്ഷിക്കുന്നുവോ അതേ പരിഗണന യുപിഐ പിന്നിനും നല്‍കുക. ഔദ്യോഗിക പേജുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളില്‍ മാത്രമെ യുപിഐ പിന്‍ ഉപയോഗിക്കാവു. കസ്റ്റമർ കെയറില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ പോലും നല്‍കാതിരിക്കുന്നതാണ് ഉചിതം. കാരണം അവർക്ക് നിങ്ങളുടെ യുപിഐ പിന്‍ ആവശ്യമല്ല.
ആർക്കാണ് പണം നല്‍കുന്നതെന്ന് ഉറപ്പാക്കുക
പണമിടപാട് നടത്തുന്നതിന് മുന്‍പ് ആർക്കാണ് പണം കൈമാറുന്നതെന്ന് കൃത്യമായി ഉറപ്പാക്കേണ്ടതുണ്ട്. അക്കങ്ങളോ അക്ഷരങ്ങളോ മാറിയാല്‍ പണം മറ്റൊരാളിലേക്കെത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പലതവണ പരിശോധിക്കുക. പേര് വ്യത്യസ്തമായി തോന്നുകയാണെങ്കില്‍ പണം സ്വീകരിക്കുന്ന വ്യക്തിയുടെ മറ്റ് വിശദാംശങ്ങള്‍ കൂടി പരിശോധിക്കുക.
പണമിടപാട് ഔദ്യോഗിക പേജുകള്‍ വഴി മാത്രം
യുപിഐ പിന്‍ നല്‍കുന്ന പേജ് എല്ലാ യുപിഐ ആപ്ലിക്കേഷനുകളിലും സമാനമായിരിക്കും. ഒരു യുപിഐ ദാതാവിന് എന്‍പിസിഐ നല്‍കുന്ന ഏറ്റവും സുരക്ഷിതമായ ഗേറ്റ്‍വെ ആയതിനാലാണ് ഇങ്ങനെ. മറ്റ് സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും യുപിഐ പിന്‍ നല്‍കാതിരിക്കുക. യുപിഐ പിന്‍ പേജിന് സമാനമായുള്ള പേജുകള്‍ നിർമിച്ച് പിന്‍ കൈക്കലാക്കുന്ന തട്ടിപ്പുകളും നിലനില്‍ക്കുന്നുണ്ട്. നിങ്ങളുടെ ബാങ്കിങ് ആപ്ലിക്കേഷന്‍തന്നെ ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.
പരിചിതമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുക
നിങ്ങള്‍ക്ക് മുന്‍പരിചയം ഇല്ലാത്തൊരു വ്യക്തി സ്ക്രീന്‍ ഷെയർ ചെയ്യാനോ അല്ലെങ്കില്‍ സന്ദേശം ഫോർവേഡ് ചെയ്യാനോ ആവശ്യപ്പെടുകയാണെങ്കില്‍ അത് നിരസിക്കുക. നിങ്ങള്‍ക്ക് വിശ്വാസമില്ലാത്ത വ്യക്തികളുടെ നിർദേശപ്രകാരം ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഔദ്യോഗിക ആപ് സ്റ്റോറുകള്‍ വഴി മാത്രമായിരിക്കണം ഡൗണ്‍ലോഡുകള്‍.
സുരക്ഷിതമായ നെറ്റ്‌വർക്കുകള്‍ ഉപയോഗിക്കുക
യുപിഐ പണമിടപാടുകള്‍ക്കായി പബ്ലിക്ക് വൈഫൈ ഉപയോഗിക്കാതിരിക്കുക. കാരണം പബ്ലിക്ക് വൈഫൈ എപ്പോഴും ഹാക്കർമാരുടെ നിരീക്ഷണത്തിലായിരിക്കും. നിങ്ങളുടെ മൊബൈല്‍ നെറ്റ്‌വർക്ക് ഉപയോഗിച്ചായിരിക്കണം സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടത്. അതാണ് കൂടുതല്‍ സുരക്ഷിതം.
സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുക
നിങ്ങളുടെ യുപിഐ ഇടപാടുകളുടെ ചരിത്രം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്ന ശീലമുണ്ടാക്കുക. നിങ്ങളുടെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയില്‍ വിശദാംശങ്ങളുണ്ടാകും. നിങ്ങളുടെ അറിവോടെയല്ലാത്ത ഇടപാടുകള്‍ കണ്ടെത്തുകയാണെങ്കില്‍ ഉടന്‍തന്നെ ബാങ്കുമായി ബന്ധപ്പെടുക.
സാമ്പത്തിക വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക
നിർണായക സാമ്പത്തിക വിവരങ്ങള്‍ ഓണ്‍ലൈനിലോ അല്ലാതെയോ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. യുപിഐ പിന്‍, പാസ്‌വേഡ്, അക്കൗണ്ട് നമ്പർ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. വിശ്വാസയോഗ്യമായ കമ്പനികള്‍ ഒരിക്കലും ഇത്തരം വിവരങ്ങള്‍ ചോദിക്കില്ല.
നിങ്ങളുടെ യുപിഐ അപ്ലിക്കേഷനിലേക്ക് ആരുടെയെങ്കിലും ഭാഗത്ത് നിന്നും അനാവശ്യ പണ അഭ്യർത്ഥന ലഭിച്ചാൽ നിങ്ങൾക്ക് ഇത് നിരസിക്കാൻ കഴിയും. നിങ്ങൾ അഭ്യർത്ഥന സ്വീകരിച്ച് നിങ്ങളുടെ എം-പിൻ നൽകുന്നത് വരെ ഈ തുക നിങ്ങളുൾക്ക് നഷ്ടപ്പെടില്ല. യുപിഐ അപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള സംവിധാനവും പല ആപ്പുകളും നൽകുന്നുണ്ട്..
Content Summary: 'UPI' can secure your account from frauds; Pay attention to these things
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !