ഉപഭോക്താക്കളുടെ അക്കൗണ്ട് ഇടപാടുകള്‍ ആര്‍ബിഐ വിലക്കിയതോടെ പ്രതിസന്ധി നേരിട്ട പേടിഎമിനെ ഏറ്റെടുക്കാന്‍ വിപണിയില്‍ പിടിവലിയെന്ന് റിപ്പോര്‍ട്ട്.
എച്ച്‌ഡിഎഫ്‌സി ബാങ്കും മുകേഷ് അംബാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമാണ് അണിയറയിലെന്നാണ് സംസാരവിഷയം. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ 14 ശതമാനം കുതിപ്പ് രേഖപ്പെടുത്തി.
എച്ച്‌ഡിഎഫ്‌സി ബാങ്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും പേടിഎമിന്റെ വാലറ്റ് ബിസിനസ് ഏറ്റെടുക്കാന്‍ മുന്‍നിരയിലുണ്ടെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മയുടെ സംഘം കഴിഞ്ഞ നവംബര്‍ മുതല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി പറയുന്നു. അതേസമയം, എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ചര്‍ച്ച ആരംഭിച്ചത് വിലക്ക് വരുന്നതിന് തൊട്ടുമുമ്ബാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കള്ളപ്പണമിടപാട് നടത്തുന്നതിന് സ്ഥാപനത്തെ ഉപയോഗിച്ചോ എന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം പേടിഎം ഇക്കാര്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ആര്‍ബിഐയുടെ വിലക്കിനുശേഷം മൂന്നു ദിവസംകൊണ്ട് പേടിഎമ്മിന്റെ ഓഹരി വിലയില്‍ 42 ശതമാനമാണ് ഇടിവ് നേരിട്ടത്.
ആശങ്കപ്പെടേണ്ടതില്ലെന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിലെ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിഇഒ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. വിലക്കിന് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ബിഐയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 29നാണ് ആര്‍ബിഐയുടെ വിലക്ക് പ്രാബല്യത്തില്‍ വരിക. അതിനുശേഷവും പേടിഎം ആപ്പ് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ബിഐയുടെ നിര്‍ദേശം പേടിഎം പേയ്‌മെന്റ് ബാങ്കിനെ മാത്രമെ ബാധിക്കൂ. വിലക്ക് തുടര്‍ന്നാലും പേടിഎം ആപ്പുവഴി യുപിഐ ഇടപാടുകള്‍ സാധ്യമാകും.
Content Summary: Race to acquire Paytm; HDFC Bank and Jio
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !